വീട് അടച്ചിട്ട് കുടുംബത്തോടൊപ്പം വാക്സിനെടുക്കാന്‍ പോയ ഓട്ടോഡ്രൈവറുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു
ന്യൂഡല്‍ഹി: വീട് അടച്ചിട്ട് വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് പോയ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശിവവിഹാര്‍ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ഈ സംഭവം. 40കാരനായ അരവിന്ദ് കുമാര്‍ പട്വയും ഭാര്യയും വാക്സിന്‍ സ്വീകരിക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച.
അരവിന്ദ് തന്റെ മൂന്നുമക്കളെയും ലക്ഷ്മി വിഹാറിലെ ഭാര്യയുടെ വീട്ടിലാക്കിയ ശേഷം വീട് അടച്ചിട്ടായിരുന്നു വാക്സിനെടുക്കാന്‍ പോയത്. പിന്നീട് വാക്സിന്‍ സ്വീകരിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെടുകയായിരുന്നു.
വീട്ടിലെ ലൈറ്റുകളും ഫാനുമെല്ലാം ഓണാക്കിയിട്ട നിലയിലായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നതായാണ് അരവിന്ദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.