CricketNewsSports

അയര്‍ലാന്‍ഡിനെ എറിഞ്ഞിട്ടു,സെമി പ്രതീക്ഷകള്‍ സജീവമാക്കി ഓസ്‌ട്രേലിയ

ബ്രിസ്ബേൻ: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ 42 റൺസ് ജയത്തോടെ സെമി പ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ. ബ്രിസ്‌ബേനിൽ ഓസിസ് ബൗളർമാർക്ക് മുന്നിൽ ഐറിഷ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിട്ടും വീരോചിത പോരാട്ടം നയിച്ച ലോർകൻ ടക്കറാണ് ടീമിനെ കനത്ത തോൽവിയിൽ നിന്നും കരകയറ്റിയത്. 48 പന്തിൽ 71 റൺസ് നേടി ലോർകൻ ടക്കർ പുറത്താവാതെ നിന്നു.

ബ്രിസ്ബേനിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. 44 പന്തിൽ 63 റൺസ് നേടിയ ആരോൺ ഫിഞ്ചാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ അയർലൻഡ് 18.1 ഓവറിൽ 137ന് എല്ലാവരും പുറത്തായി. ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകൾ സജീവമാക്കി. നാല് മത്സരങ്ങളിൽ അഞ്ച് പോയിന്റുള്ള അവർ രണ്ടാമതാണ്.

ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ടക്കറിന്റെ ഇന്നിങ്സ്. അദ്ദേഹത്തിന് പിന്തുണ നൽകാൻ മറ്റു ഐറിഷ് താരങ്ങൾക്ക് കഴിഞ്ഞില്ല. നാല് ഓവറിൽ അയർലൻഡ് അഞ്ചിന് 25 എന്ന നിലയിലായിരുന്നു. മുൻനിരയിലെ പോൾ സ്റ്റിർലിങ് (11), ആൻഡ്രൂ ബാൽബിർനി (6), ഹാരി ടെക്റ്റർ (6), ക്വേർടിസ് കാംഫെർ (0), ജോർജ് ഡോക്റെൽ (0) എന്നിവരാണ് കൂടാരം കയറിയിരുന്നത്. തുടക്കത്തിൽ രണ്ട് വിക്കറ്റ് നേടാൻ ഗ്ലെന്മാക്‌സ്വെല്ലിനായിരുന്നു. അഞ്ച് വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും രണ്ടെണ്ണം വീഴ്‌ത്തി.

അതേസമയം, ഒരറ്റത്ത് ടക്കർ പിടിച്ചുനിന്നു. ഗരെത് ഡെലാനി (14), മാർക് അഡൈർ (11) എന്നിവർ അൽപനേരം പിടിച്ചുനിന്നു. പിന്നാലെ വന്ന ഫിയോൺ ഹാൻഡ് (6), ബാരി മക്കാർത്തി (3), ജോഷ്വ ലിറ്റിൽ (1) എന്നിവർ നിരാശപ്പെടുത്തിയതോടെ അയർലൻഡ് 137ന് കൂടാരം കയറി. മാക്സ്വെൽ, സ്റ്റാർക്ക് എന്നിവർക്ക് പുറമെ പാറ്റ് കമ്മിൻസ്, ആഡം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മാർകസ് സ്റ്റോയിനിസിന് ഒരു വിക്കറ്റുണ്ട്.

നേരത്തെ ഫിഞ്ചിന്റെ പ്രകടനമാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മാർകസ് സ്റ്റോയിനിസ് (35), മിച്ചൽ മാർഷ് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡേവിഡ് വാർണർ (3) ഒരിക്കൽകൂടി നിരാശപ്പെടുത്തി. മൂന്നാം ഓവറിലാണ് താരം മടങ്ങുന്നത്. മാക്സ്വെല്ലും (13) അവസരത്തിനൊത്ത് ഉയർന്നില്ല. സ്റ്റോയിനിസിന്റെ പ്രകടനമാണ് സ്‌കോർ 170 കടക്കാൻ സഹായിച്ചത്. ടിം ഡേവിഡ് (15), മാത്യു വെയ്ഡ് (7) പുറത്താവാതെ നിന്നു. ബാരി മക്കാർത്തി അയൽലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ജോഷ്വാ ലിറ്റിലിന് രണ്ട് വിക്കറ്റുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker