തിരുവനന്തപുരം: രാജ്യത്തുടനീളം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെ ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ പൊങ്കാല നടത്തുന്നതിനെതിരെ ഒരു വിഭാഗം പൊതുജനാരോഗ്യ വിദഗ്ധര്‍ രംഗത്ത്. പൊങ്കാലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ കുറിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണ് എന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഇത്തരമൊരു ബഹുജന സമ്മേളനത്തിനിടെ കൊറോണ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യതകള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”കോവിഡ് 19 പടരുന്ന രീതി കണക്കിലെടുക്കുമ്പോള്‍ ഇത് ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള സാഹചര്യമാണ്. പൊങ്കാല എന്നാല്‍ ബഹുജന ഒത്തുചേരല്‍ ആണ്, വൈറസ് പ്രസരണത്തില്‍ ഓരോ വ്യക്തിയും ഉള്‍പ്പെടുന്നു” ഒരു പൊതു ആരോഗ്യ വിദഗ്ധന്‍ പറഞ്ഞു.
”ലോകമെമ്പാടും, സമ്മേളനങ്ങള്‍ റദ്ദാക്കി, ബഹുജന സമ്മേളനങ്ങള്‍ നിരോധിച്ചു, കായിക മത്സരങ്ങള്‍ മാറ്റിവെച്ചു. ടോക്കിയോയില്‍ അരങ്ങേറുന്ന സമ്മര്‍ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാനുള്ള ചര്‍ച്ചകളും നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ട്വീറ്റ് പോലും ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ കോവിഡ് -19 ന്റെ വ്യാപനം ഒഴിവാക്കാന്‍ ബഹുജന സമ്മേളനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും. എന്നാല്‍ ഈ അപകടസാദ്ധ്യത സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല” അദ്ദേഹം പറഞ്ഞു.
അതേസമയം, ആറ്റുകാല്‍പൊങ്കാലയുമായി ബന്ധപ്പെട്ട് കോവിഡ് -19 അപകടസാദ്ധ്യതകളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.