ന്യൂഡൽഹി : പ്രമാദമായ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.
2014 ഏപ്രിൽ 16-ന് ഉച്ചയ്ക്കാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. ടെക്‌നോപാർക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുള്ള മകൾ സ്വാസ്തിക, ഭർത്താവിന്റെ അമ്മ ഓമന (58) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. അനുശാന്തിയുടെ ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തു. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധശിക്ഷ, 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.
ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. കഴിഞ്ഞ തവണ അനുശാന്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണ് അനുശാന്തിക്കെതിരെയുളളതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാൽ കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.