സിപിഎം നേതാവ് നായകനായ സിനിമയിലും പീഡനശ്രമം; വെളിപ്പെടുത്തലുമായി ഗീത പൊതുവാൾ
കൊച്ചി:മലയാള സിനിമയിൽ നിന്നും മോശം അനുഭവം നേരിട്ടതായി നടിയും മുൻ സിഎജി ഓഫീസറുമായ ഗീത പൊതുവാൾ. ‘വെള്ളിവെളിച്ചത്തിൽ’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് തനിക്ക് ദുരവസ്ഥയുണ്ടായത്. മധു കൈതപ്രത്തിൻ്റെ സംവിധാനത്തിൽ മാധ്യമ പ്രവർത്തകനും സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് നായകനായി അഭിനയിച്ച ചിത്രമാണിത്. ജോൺ ബ്രിട്ടാസിൻ്റെ ഭാര്യയുടെ റോളിലാണ് നടി അഭിനയിച്ചത്.
നിർമാതാവായ രമേശ് നമ്പ്യാർ മദ്യപിച്ച് മുറിയിൽ വന്നു കയറുകയായിരുന്നു. റൂമിലെ ബെഡിൽ അയാൾ ഇരുന്നപ്പോൾ താൻ വാതിലിനരികിൽ തന്നെ നിന്നു. അതിന് ശേഷം അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോകുയായിരുന്നു. അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മധു കൈതപ്രം ആര് രാത്രിയിൽ വന്ന് വാതിലിൽ മുട്ടിയാലും തുറക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും ഗീത വെളിപ്പെടുത്തി. ഇത്തരം അനുഭവങ്ങൾ കാരണമാണ് താൻ സിനിമാ അഭിനയം മതിയാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സിനിമയുടെ ലൊക്കേഷനിൽ നിന്നും കൊച്ചി സ്വദേശിയായ മറ്റൊരു നടിക്കും സമാനമായ അനുഭവം നേരിട്ടു. അതും രമേശ് നമ്പ്യാരുടെ ഭാഗത്തുനിന്നാണ്. നിർമാതാവിൻ്റെ പ്രവൃത്തിയിൽ എതിർപ്പ് പ്രകടിപ്പിച്ച നടിയെ ചിത്രത്തിൽ നിന്നും ഒഴിവാക്കി. ഭയന്ന് വിറച്ചാണ് പെൺകുട്ടി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഗീത പൊതുവാൾ പറഞ്ഞു.
2014ൽ റിലീസായ ‘വെളളിവെളിച്ചത്തിൽ’, 2016ൽ സുകുമാർജിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കണ്ടെത്തൽ’ എന്നീ രണ്ട് മലയാള സിനിമകളിൽ മാത്രമാണ് ഗീത പൊതുവാൾ അഭിനയിച്ചിട്ടുള്ളത്. ക്രൈം ബ്രാഞ്ച് (2014) എന്ന മലയാള സീരിയലിലും വേഷമിട്ടിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഗീത ഷാരൂഖ് ഖാനൊപ്പം നെറോലാക് പെയിൻ്റിൻ്റെ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്.
പിന്നീട് സിനിമ മേഖല ഉപേക്ഷിച്ച് സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി. ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ദൃശ്യ (DRZYA) യുടെ സ്ഥാപകയാണ്. ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന എൻജിഒയായ ദൃശ്യശക്തി ട്രസ്റ്റിൻ്റെ സ്ഥാപക-ട്രസ്റ്റി കൂടിയാണ് ഇവര്‍.