
കോട്ടയ്ക്കല്‍: ലോറി കടയിലേക്കിടിച്ചുകയറ്റി മനപ്പൂര്‍വ്വം ജ്യേഷ്ഠനെ കൊലപ്പെടുതക്താന്‍ ശ്രമിച്ച കേസില്‍ അനുജനെ പോലിസ് അറസ്റ്റ് ചെയ്തു. തോക്കാംപാറയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.15-ഓടെയാണ് കേസിനാസ്പദമായ സംഭവം. തോക്കാംപാറ മാടക്കന്‍ അബൂബക്കര്‍ (38) ആണ് അപകടമുണ്ടാക്കിയത്. കടയില്‍നിന്നു സാധനം വാങ്ങിപ്പോവുകയായിരുന്ന ജ്യേഷ്ഠന്‍ മാടക്കന്‍ ഉമ്മറിനെ (42) ലക്ഷ്യംവെച്ചായിരുന്നു അപകടമുണ്ടാക്കിയതെന്നാണ് ആരോപണം.
തോക്കാംപാറയിലെ കുഞ്ഞലവിയുടെ പലചരക്ക് കടയിലേക്കാണ് ലോറി ഇടിച്ചുകയറ്റിയത്. ഇതുസംബന്ധിച്ച് കടയുടമയുടെ പരാതിയില്‍ അബൂബക്കറിനെ കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഉമ്മറടക്കമുള്ള ആളുകള്‍ സംഭവസ്ഥലത്തു നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിന് ലോറിക്കടിയില്‍പ്പെട്ട് പരിക്കേറ്റു. കടയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചശേഷമാണ് ലോറി യുവാവിനേയും ഇടിച്ചിട്ടത്.
കടയിലേക്കു സാധനം വാങ്ങാന്‍ വന്നതായിരുന്നു പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സ്വദേശിയായ മന്‍സൂര്‍ (33). കാലിലെ തുടയെല്ലിനു ഗുരുതര പരിക്കേറ്റ മന്‍സൂറിനെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയുടെ ഷട്ടര്‍ പൂര്‍ണമായും ചുമര്‍ ഭാഗികമായും തകര്‍ന്നു. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നൂവെന്നും ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും കോട്ടയ്ക്കല്‍ എസ്.ഐ. പി.ടി. സൈഫുള്ള പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.