കോട്ടയത്ത് രണ്ടിടത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരെ ആക്രമണം; കല്ലേറില്‍ കുരിശടിയുടെ ചില്ലുകള്‍ തകര്‍ന്നു
കോട്ടയം: ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കോട്ടയത്ത് രണ്ടിടങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആസ്ഥാനമായ ദേവലോകം അരമനയുടെ സമീപത്തെ കുരിശടിക്ക് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത്. തുടര്‍ന്ന് അമയന്നൂര്‍ തുത്തൂട്ടി ഗ്രിഗോറിയസ് ചാപ്പലിന് നേരെയും കല്ലേറുണ്ടായി.
ദേവലോകം അരമനയ്ക്ക് സമീപത്തെ കുരിശടിക്ക് നേരെയുണ്ടായ കല്ലേറില്‍ കുരിശടിയുടെ ചില്ലുകള്‍ തകര്‍ന്നു. അമയന്നൂര്‍ ഗ്രിഗോറിയോസ് ചാപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ പരുമല തിരുമേനിയുടെ ചിത്രത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. കുരിശടിയുടെ ചില്ലുവാതിലുകളും തകര്‍ന്നുവീണു. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കവുമായി ആക്രമണത്തിനു ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.