BusinessKeralaNews

അറ്റ്‌ലസ് രാമചന്ദ്രന്റേയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: അറ്റ്‌ലസ് ജ്വല്ലറി ഡയറക്ടര്‍മാരായ അറ്റ്‌ലസ് രാമചന്ദ്രന്റേയും ഭാര്യ ഇന്ദിരാ രാമചന്ദ്രന്റേയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 57.45 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. 2013നും 2018നും ഇടയിലെ 242.40 കോടി രൂപയുടേതാണ് തട്ടിപ്പ് കേസ്.

രണ്ടുപേരുടേയും കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം, വെള്ളി, വജ്രം, ബാങ്ക് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. 2002ലെ കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൃശൂര്‍ റൗണ്ട് സൗത്ത് ശാഖയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പു നടന്നത്. കേരളാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഇഡി ഏറ്റെടുക്കുകയായിരുന്നു.

പ്രതികള്‍ കെട്ടിച്ചമച്ച രേഖകള്‍ നല്‍കിയാണ് വായ്പ സ്വന്തമാക്കിയതെന്നും വായ്പ തുകയായ 242.40 കോടി രൂപ തിരിച്ചടച്ചില്ലെന്നും ഇഡി കണ്ടെത്തി. ബിസിനസ് ആവശ്യങ്ങള്‍ക്കായിരുന്നു ഇവര്‍ ഇത്രയും തുക വായ്പയെടുത്തത്. ഇങ്ങനെ വായ്പയായി ലഭിച്ച നൂറു കോടി രൂപ ഡല്‍ഹിയിലെ അറ്റ്‌ലസ് ജ്വല്ലറി ശാഖയുടെ ഷെയറുകള്‍ക്കായി ചെലവാക്കിയതായും 14 കോടി രൂപ ഡല്‍ഹിയിലെ തന്നെ ആക്‌സിസ് ബാങ്കില്‍ നിക്ഷേപിച്ചതായും കണ്ടെത്തി. മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമായി 12.59 കോടി രൂപ കണ്ടെത്തിയതായാണ് ഇഡി അറിയിക്കുന്നത്.

നേരത്തെ യുഎഇയില്‍ വായ്പയെടുത്ത് തിരിച്ചടവില്‍ മുടക്കം വരുത്തിയ കേസില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രവാസി വ്യവസായികളുടെയും ഇടപെടലിനെത്തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button