ഈജിപ്റ്റിലെ പിരമിഡിനേക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയുടെ ഭ്രമണപഥത്തില്‍! ആശങ്ക വേണ്ടെന്ന് ശാസ്ത്ര ലോകം
വാഷിംഗ്ടണ്‍: ഈജിപ്റ്റിലെ പിരമിഡിനെക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 6 ഓടെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബഹിരാകാശ ഏജന്‍സിയായ നാസ ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുവരികയാണ്. 465824 (2010 FR) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്റെ വ്യാസം 120 മുതല്‍ 270 മീറ്റര്‍ വരെയാണെന്നാണ് സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകമഹാത്ഭുതങ്ങളിലൊന്നായ ഈജിപ്റ്റിലെ പിരമിഡിനോളം വലിപ്പമുണ്ടാകുമെന്നത് ആശങ്കയുണ്ടാക്കുന്നെങ്കിലും ഇവ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാസയുടെ ട്വിറ്റര്‍ പേജില്‍ തന്നെ ഈ വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വിദഗ്ധരുടെ അഭിപ്രായത്തില്‍ 2010 എഫ്ആര്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കില്ല. ഭൂമിയുമായി കൂട്ടിമുട്ടാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. സെപ്റ്റംബര്‍ 6 ന് ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ഈ ഛിന്നഗ്രഹം കടന്നുപോകും- നാസയുടെ ട്വീറ്റില്‍ പറയുന്നു. അപ്പോളോ ആസ്റ്ററോയ്ഡ് വിഭാഗത്തില്‍ പെടുന്നതാണ് 465824 (2010 FR). 31400ാുവ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തെ കടന്നുപോകുന്നതല്ലാതെ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കില്ല.
അതേസമയം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്ന ആദ്യത്തെ ഛിന്നഗ്രഹമല്ലിത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഛിന്നഗ്രഹങ്ങളുടെയും ധൂമകേതുക്കളുടെയും വളരെ ചെറിയ ശകലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുകയും എല്ലാ ദിവസവും പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്. അവ ഭൂമിയ്ക്ക് ഹാനികരമാകുന്നില്ലെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
എന്താണ് ഈ ഛിന്നഗ്രഹങ്ങള്‍ എന്നല്ലേ? ഏകദേശം 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ സൗരയൂഥത്തിന്റെ ആദ്യകാല രൂപീകരണത്തില്‍ നിന്ന് അവശേഷിച്ച പാറയുടെ അവശിഷ്ടങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. അവ ചെറിയ ഗ്രഹങ്ങള്‍ എന്നും അറിയപ്പെടുന്നു. സൂര്യനെ പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ക്കിടയിലെ ഛിന്നഗ്രഹ ബെല്‍റ്റുകളില്‍ ഇവയെ കാണാന്‍ കഴിയും. എല്ലാ ഛിന്നഗ്രഹങ്ങളുടെയും ആകെ പിണ്ഡം ഭൂമിയേയും ചന്ദ്രനേക്കാളും കുറവാണ്.