ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ മത്സരത്തിൽ റയൽ സാൾട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മയാമി തോൽപ്പിച്ചു. മത്സരത്തിൽ മെസ്സിയും സുവാരസും അസിസ്റ്റുകൾ നൽകി. റോബർട്ട് ടെയ്ലറും ഡീഗോ ഗോമസും ഗോളുകൾ നേടി.
ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്റർ മയാമി ആയിരുന്നു മുന്നിൽ. ഒമ്പത് ഷോട്ടുകൾ മയാമിപ്പട പായിച്ചതിൽ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. 16-ാം മിനിറ്റിലെ മെസ്സിയുടെ ഫ്രീക്വിക്ക് ഗോൾലൈനിൽ വെച്ചാണ് റയൽ താരം ഹെഡറിലൂടെ പ്രതിരോധിച്ചത്.
നാല് ഷോട്ടുകൾ എടുത്തെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിേലേക്ക് പായിക്കാൻ റയൽ സാൾട്ട് ലേക്കിന് കഴിഞ്ഞില്ല. 39-ാം മിനിറ്റിലാണ് മയാമി ആരാധകർ കാത്തിരുന്ന നിമിഷമെത്തിയത്. ലയണൽ മെസ്സിയുടെ പാസിൽ റോബർട്ട് ടെയ്ലർ മയാമിപ്പടയെ മുന്നിലെത്തിച്ചു. ആദ്യ പകുതി ഒരു ഗോളിന് ലീഡ് ചെയ്യാനും മെസ്സിക്കും സംഘത്തിനും കഴിഞ്ഞു.
രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിന് റയൽ സംഘത്തിന് സാധിച്ചു. തുടർച്ചയായി ഇന്റർ മയാമിയെ പ്രതിരോധത്തിലാക്കി റയൽ മുന്നേറ്റം കാഴ്ചവെച്ചു. ഷോട്ടുകളുടെ എണ്ണത്തിൽ റയൽ മയാമിയേക്കാൾ മുന്നിലെത്തി. 71-ാം മിനിറ്റിൽ ആദ്യമായി ഗോൾപോസ്റ്റിലേക്ക് എത്തിച്ച ഷോട്ട് മയാമി ഗോൾ കീപ്പർ ഡ്രേക്ക് കാലണ്ടറിന്റെ മികവിൽ രക്ഷപെടുത്തി.
രണ്ടാം പകുതി പുരോഗമിക്കും തോറും മയാമി പ്രതിരോധത്തിന് ശക്തമായ ജോലിയാണ് ഉണ്ടായിരുന്നത്. ഗോൾ പോസ്റ്റിന് മുന്നിലെ കാലണ്ടർ മികവ് മയാമിക്ക് പലതവണ രക്ഷയായി. ഒടുവിൽ 83-ാം മിനിറ്റിൽ റയലിന്റെ ആഗ്രഹങ്ങൾക്ക് രണ്ടാം തിരിച്ചടിയേറ്റു.
മെസ്സിയുടെ മുന്നേറ്റത്തിൽ സുവാരസിന് ലഭിച്ച പാസ് ഡീഗോ ഗോമസിന്റെ ഷോട്ടിലൂടെ വലയിലെത്തി. ഇതോടെ മത്സരത്തിൽ ഇന്റർ മയാമി 2-0ത്തിന് മുന്നിലായി. ഒടുവിൽ ലോങ് വിസിൽ മുഴങ്ങിയപ്പോൾ സീസൺ വിജയത്തോടെ തുടങ്ങാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു.