ദുബായ്: കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോടേറ്റ തോല്‍വിക്ക് അതേവേദിയില്‍ തന്നെ പകരം ചോദിച്ച് ഇന്ത്യ. ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെ 6 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. തുടക്ക ഓവറുകളിലും മധ്യ ഓവറുകളിലു പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ – ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. 18-ാം ഓവറില്‍ 11 റണ്‍സും 19-ാം ഓവറില്‍ 14 റണ്‍സും അടിച്ചെടുത്ത ഈ സഖ്യം പാകിസ്താനില്‍ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നെടുത്ത 52 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
17 പന്തുകള്‍ നേരിട്ട ഹാര്‍ദിക് ഒരു സിക്‌സും നാല് ഫോറുമടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു. ജഡേജ 29 പന്തില്‍ നിന്നും രണ്ട് വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സെടുത്ത് അവസാന ഓവറിലെ ആദ്യ പന്തില്‍ മടങ്ങി.
148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ കെ.എല്‍ രാഹുലിനെ (0) മടക്കി നസീം ഷാ ഞെട്ടിച്ചു. പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 100-ാം രാജ്യാന്തര ഏകദിനം കളിക്കുന്ന വിരാട് കോലിയും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ രോഹിത്തിനെയും (12), പിന്നാലെ കോലിയേയും (35) മടക്കി മുഹമ്മദ് നവാസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ – സൂര്യകുമാര്‍ യാദവ് സഖ്യം സ്‌കോര്‍ 89 വരെയെത്തിച്ചു. എന്നാല്‍ 18 റണ്‍സെടുത്ത സൂര്യകുമാറിനെ 15-ാം ഓവറില്‍ നസീം ഷാ പുറത്താക്കി. തുടര്‍ന്നായിരുന്നു അഞ്ചാം വിക്കറ്റില്‍ ജഡേജ – ഹാര്‍ദിക് സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം.
പാകിസ്താനു വേണ്ടി മുഹമ്മദ് നവാസ് മൂന്നും നസീം ഷാ രണ്ടു വിക്കറ്റും വീഴ്ത്തി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 19.5 ഓവറില്‍ 147 റണ്‍സിന് എറിഞ്ഞിട്ടിരുന്നു.പവര്‍പ്ലേ ഓവറുകളില്‍ പരമാവധി പിടിച്ചുനിന്ന് അവസാനം സ്‌കോര്‍ ഉയര്‍ത്താമെന്ന പാക് തന്ത്രത്തിന് ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയുമടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടതോടെ 150-ന് അപ്പുറമുള്ള സ്‌കോര്‍ പാകിസ്താന് അപ്രാപ്യമാകുകയായിരുന്നു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറും നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി.
42 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. കൃത്യമായ ഇടവേളകളില്‍ പാക് ബാറ്റര്‍മാരെ ഡ്രസ്സിങ് റൂമിലേക്കയച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ അവര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കി.
റിസ്വാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ (10) മൂന്നാം ഓവറില്‍ മടക്കി ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഫഖര്‍ സമാനെ (10) ആവേശ് ഖാന്‍, കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ചു. മൂന്നാം ഓവറില്‍ 45 റണ്‍സ് ചേര്‍ത്ത റിസ്വാന്‍ – ഇഫ്തിഖര്‍ അഹമ്മദ് സഖ്യമാണ് പാക് സ്‌കോര്‍ 50 കടത്തിയത്. 22 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഇഫ്തിഖര്‍ അഹമ്മദിനെ 13-ാം ഓവറില്‍ മടക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള സമ്മര്‍ദത്തില്‍ റിസ്വാനും ഖുശ്ദില്‍ ഷായും (2) പുറത്തായതോടെ പാക് ടീം ശരിക്കും പ്രതിരോധത്തിലായി.
ആസിഫ് അലി (9), മുഹമ്മദ് നവാസ് (1), ഷദാബ് ഖാന്‍ (10), നസീം ഷാ (0) എന്നിവരാണ് പുറത്തായ മറ്റ് പാക് താരങ്ങള്‍. അവസാന ഓവറുകളില്‍ അപ്രതീക്ഷിതമായി റണ്‍സ് സ്‌കോര്‍ ചെയ്ത ഹാരിസ് റൗഫും (13*), ഷാനവാസ് ദഹാനിയുമാണ് (ആറ് പന്തില്‍ 16) പാക് സ്‌കോര്‍ 140 കടത്തിയത്.
നേരത്തെ പാകിസ്താനെതിരേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക്ക് ഇടംനേടി. ആവേഷ് ഖാനും ടീമിലുണ്ട്. പാകിസ്താനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിച്ചു. വിരാട് കോലിയുടെ 100-ാം രാജ്യാന്തര ട്വന്റി 20 മത്സരമാണിത്.