കല എന്നത് ഞങ്ങളെപ്പോലെയുള്ള കലാകാരികളുടെ ഉപജീവനമാര്‍ഗം. ‘എൻ്റെ പണം മുടക്കിയാണ് അന്ന് ദുബായിൽനിന്നു വന്നത്, പ്രതിഫലം വാങ്ങണോ എന്നത് വ്യക്തിപരമായ കാര്യം’
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാന നൃത്താവിഷ്‌കാരം പരിശീലിപ്പിക്കാന്‍ പ്രമുഖ നടി വന്‍തുക പ്രതിഫലം ചോദിച്ചെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കലോത്സവവേദികളിലൂടെ വളര്‍ന്നുവന്ന നടിയുടെ നിലപാട് വേദനിപ്പിച്ചെന്നും അവര്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നുമാണ് മന്ത്രി പറഞ്ഞത്. അഞ്ചുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.
സംഭവത്തില്‍ മന്ത്രിയെ അനുകൂലിച്ചും നടിയെ അനുകൂലിച്ചും പലവിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഈ വേളയില്‍ വിഷയത്തില്‍ വ്യക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും പ്രമുഖ നര്‍ത്തകിയുമായ ആശാ ശരത്ത്. കഴിഞ്ഞവര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആശാ ശരത്ത് സൗജന്യമായാണ് നൃത്തം പരിശീലിപ്പിച്ചത്. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ആശാ ശരത്തിന്റെ പ്രതികരണം.
”കല എന്നത് ഞങ്ങളെപ്പോലെയുള്ള കലാകാരികളുടെ ഉപജീവനമാര്‍ഗമാണ്. എത്രയോ വേദികളില്‍ നൃത്തം അവതരിപ്പിച്ച് അതില്‍നിന്ന് ലഭിക്കുന്ന പ്രതിഫലംകൊണ്ട് ജീവിക്കുന്ന ഞാനുള്‍പ്പെടെയുള്ള എത്രയോ കലാകാരികള്‍ കേരളത്തിലും കേരളത്തിന് പുറത്തും ഉണ്ട്. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.
കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ 60 കുട്ടികളുടെ കൂടെ ഞാന്‍ നൃത്തം അവതരിപ്പിച്ചിരുന്നു. അവരെ പരിശീലിപ്പിച്ചാണ് അവതരിപ്പിച്ചത്. രണ്ടുദിവസം മുന്‍പേ വന്ന് അവരുടെ കൂടെ പരിശീലനം നടത്തിയാണ് നൃത്തം അവതരിപ്പിച്ചത്. അത് എന്റെ ഒരു ഇഷ്ടമായിരുന്നു. അതിന് മുന്‍പത്തെ വര്‍ഷം മുഖ്യമന്ത്രിയുടെ കൂടെ മുഖ്യാതിഥിയായി ഞാനും ഉണ്ടായിരുന്നു. അന്ന് കുറച്ചുകുട്ടികള്‍ അവരുടെ കൂടെ നൃത്തം അവതരിപ്പിക്കാമോ എന്ന് ചോദിച്ചിരുന്നു. അന്ന് അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല.
അന്ന് ആ കുട്ടികള്‍ക്ക് കൊടുത്ത വാക്കായിരുന്നു, മക്കളെ അടുത്തവര്‍ഷം നിങ്ങള്‍ക്കൊപ്പം ഞാന്‍ കളിക്കുമെന്നത്. ആ വാക്ക് പാലിക്കാനാണ് ഞാന്‍ വന്നത്. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് രണ്ടാമത്തെവര്‍ഷം സര്‍ക്കാര്‍ വിളിച്ചപ്പോള്‍ ആ ക്ഷണം സ്വീകരിച്ചത്. എന്റെ കൈയില്‍നിന്ന് പണംമുടക്കി ടിക്കറ്റെടുത്ത് ദുബായില്‍നിന്ന് വന്നാണ് കുട്ടികളുടെ കൂടെ കളിച്ചത്. ഞാന്‍ ഒരു പ്രതിഫലവും പ്രതീക്ഷിച്ചല്ല അത് ചെയ്തത്.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം എന്നത് എല്ലാ കലാകാരന്മാരുടെയും ഒരു സ്വപ്നവേദിയാണ്. ഞാനൊക്കെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുള്ളതാണ്. നമ്മുടെ പുതിയ തലമുറ വളര്‍ന്നുവരുന്ന വേദിയാണ്. അവര്‍ക്കൊപ്പം ചിലങ്ക കെട്ടുമ്പോള്‍ അവര്‍ക്കൊപ്പം നമ്മളും എത്തിപ്പെടുകയാണ് എന്ന സന്തോഷത്തിലാണ് ഞാന്‍ അത് ചെയ്തത്.
ഞാനൊരു നര്‍ത്തകി മാത്രമല്ല. നൃത്താധ്യാപിക കൂടിയാണ്. അത് ശരിയോ തെറ്റോ എന്നത് വ്യക്തിപരമായ കാര്യമാണ്. സര്‍ക്കാരിന്റെ ഒരുപാട് പരിപാടികളില്‍ നൃത്തം അവതരിപ്പിക്കാറുണ്ട്. അതിനെല്ലാം പ്രതിഫലം വാങ്ങിയാണ് ചെയ്യാറുള്ളത്. അത് നമ്മുടെ തൊഴിലാണ്. വേതനം വാങ്ങിക്കുന്നതില്‍ തെറ്റില്ല. ഇത് കുട്ടികളുടെ കൂടെയാകുമ്പോള്‍ വേതനം വേണ്ട എന്ന് തീരുമാനിച്ചത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. മറ്റൊരാള്‍ അത് ചെയ്യണമെന്ന് എനിക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ല.
ഏത് കലാകാരിയോ കലാകാരനാണോ അവര്‍ പറയുന്ന പ്രതിഫലം അംഗീകരിക്കുക, അല്ലെങ്കില്‍ അവരെ ഒഴിവാക്കുക. അല്ലാതെ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കേണ്ട കാര്യമില്ല. ഇത് വിവാദമാക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചാല്‍ അതിന്റെ ആവശ്യമില്ല”