മുംബൈ:ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാൻ ജയിലിലെ ഭക്ഷണം കഴിക്കുന്നില്ലെന്ന് റിപ്പോർട്ട്. ജയിൽ കാന്റീനിൽനിന്ന് വാങ്ങിയ ബിസ്കറ്റും വെള്ളവും മാത്രമാണ് ആര്യൻ കഴിക്കുന്നതെന്നും തടവുകാർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നില്ലെന്നും ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. ഉന്നതനിലവാരത്തിൽ ജീവിച്ചിരുന്ന ആര്യൻ ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഷീര, പോഹ എന്നിവയാണ് ആർതർ റോഡ് ജയിലിലെ പ്രഭാതഭക്ഷണം. ഉച്ചയ്ക്കും രാത്രിയിലും ചപ്പാത്തി, ചോറ്, സബ്ജി, ദാൽ എന്നിവയും ലഭിക്കും. എന്നാൽ ആര്യൻ ഖാൻ ജയിലിൽ എത്തിയപ്പോൾ മുതൽ ഇതൊന്നും കഴിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ജയിലിൽ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കുകയുമില്ല.
വ്യാഴാഴ്ച ക്വാറന്റീൻ കാലാവധി പൂർത്തിയായതോടെ ആര്യൻ ഖാനെ ജയിലിലെ സാധാരണ സെല്ലിലേക്ക് മാറ്റി. ക്വാറന്റീൻ പൂർത്തിയാക്കി, കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് ലഭിച്ചതോടെയാണ് ക്വാറന്റീൻ സെല്ലിൽനിന്ന് സാധാരണ സെല്ലിലേക്ക് മാറ്റിയത്. ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യഹർജിയിലുള്ള വാദം വ്യാഴാഴ്ച ഉച്ചകഴിഞ്ഞും കോടതിയിൽ തുടരുകയാണ്.
അതിനിടെ, ലഹരിമരുന്ന് കേസിൽ എൻ.സി.ബിയുടെ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിക്കെതിരേ പൂണെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 2018-ൽ രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസുമായി ബന്ധപ്പെട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസിൽ ഗോസാവി ഒളിവിലാണെന്നാണ് പോലീസ് നൽകുന്നവിവരം.
ആര്യൻഖാനെ കപ്പലിൽനിന്ന് പിടികൂടിയപ്പോൾ ഗോസാവിയും അവിടെയുണ്ടായിരുന്നു. ആര്യനൊപ്പമുള്ള ഇദ്ദേഹത്തിന്റെ സെൽഫിയും പുറത്തുവന്നു. ഇതിനുപിന്നാലെയാണ് ഗോസാവിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്ക് രംഗത്തെത്തിയത്. ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച എൻ.സി.ബി. റെയ്ഡ് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ബി.ജെ.പിയാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.