NationalNews

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു, സർക്കാരുണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനൻ്റ് ഗവ‍ർണറെ നേരിൽ കണ്ട് രാജിക്കത്ത് നൽകിയ ശേഷം കെജ്രിവാൾ മടങ്ങി. ഒപ്പമുണ്ടായിരുന്ന അതിഷി മർലേനയും സൗരഭ് ഭരദ്വാജും ഗോപാൽ റായിയും ലഫ്റ്റനൻ്റ് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ, അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു. പുതിയ സർക്കാരിൽ പ്രധാനപ്പെട്ട വകുപ്പുകൾ ആരൊക്കെ കൈകാര്യം ചെയ്യുമെന്ന ചോദ്യമാണ് പ്രധാനം. രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹിയിൽ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിക്കായി എഎപി ചർച്ച നടത്തിയത്. ഇന്ന് രാവിലെ ചേർന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഈ മാസം 26,27 തീയതികളിലായി ഡല്‍ഹി നിയമസഭ സമ്മേളനം ചേരും. ഇതിൽ പുതിയ മുഖ്യമന്ത്രിയും സർക്കാരും ഭൂരിപക്ഷം തെളിയിക്കും.

അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാൽ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി പദം ഒഴിയുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. ഡല്‍ഹിയിലെ കല്‍കാജിയിൽ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന. 43ാം വയസ്സിൽ ഡല്‍ഹി മുഖ്യമന്ത്രി പദത്തിലെത്തുന്ന അതിഷി മർലേനാ ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ഡല്‍ഹിയിൽ എഎപിയുടെ ഭരണതുടർച്ചയ്ക്ക് സഹായകരമായ പരിഷ്ക്കരണ നടപടികളുടെയും ചുക്കാൻ അതിഷിക്കായിരുന്നു. നിലവിൽ മമത ബാനർജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏക വനിത അതിഷിയാകും.

അതിനിടെ അതിഷി പാവ മുഖ്യമന്ത്രിയാണെന്ന് വിമർശിച്ച് ബിജെപി രംഗത്തെത്തി. അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നായിരുന്നു അടുത്തിടെ പാർട്ടി വിട്ട സ്വാതി മലിവാൾ എംപിയുടെ വിമർശനം. ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്നും പാർലമെന്റ് ആക്രമണ കേസിൽ പ്രതിയായ അഫ്സൽ ഗുരുവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കുടുംബത്തിലെ അംഗമാണ് ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെന്നും അവർ പറഞ്ഞു. സ്വാതി മലിവാളിനോട് രാജ്യസഭാംഗത്വം രാജിവെക്കാൻ ആവശ്യപ്പെട്ട എഎപി, ബിജെപിക്കു വേണ്ടി പാർട്ടിയിൽ തുടരാനാകില്ലെന്നും നാണവും ധാർമികതയും ഉണ്ടെങ്കിൽ രാജിവെച്ച് പോകണമെന്നും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker