തിരുവനന്തപുരം: അരുണാചല്‍പ്രദേശിലെ മലയാളികളുടെ മരണത്തില്‍ പൊലീസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക്. സംഭവത്തിന് പിന്നില്‍ മറ്റാരുടെയും പങ്കില്ലെന്നാണ് അനുമാനം. വിചിത്ര മെയിലുകള്‍ കൈമാറ്റം ചെയ്തിരുന്ന ഡോണ്‍ബോസ്‌കോ എന്ന മെയില്‍ ഐഡി ആര്യയുടേതാണെന്നാണ് കണ്ടെത്തല്‍.
അരുണാചലില്‍ ജീവനൊടുക്കിയ മൂന്ന് പേരുടെയും മെയിലുകലും ചാറ്റുകളും പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. പരപ്രേരണയാലല്ല സ്വന്തം വിശ്വാസത്തിനനുസരിച്ചാണ് നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും മരിക്കാന്‍ തീരുമാനിച്ചതെന്നാണ് നിഗമനം. മരിക്കുന്നതിന് മുമ്പ് മൂന്ന് പേരും സന്തോഷത്തിലായിരുന്നു. ആത്മഹത്യാക്കുറിപ്പിലുള്ള കയ്യക്ഷരവും ഒപ്പും ഇവരുടേത് തന്നെയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
2016ലാണ് നവീന്‍ വിചിത്ര വിശ്വാസത്തിലേക്ക് വരുന്നത്. ഭാര്യ ദേവിയെ ഇതിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പൂര്‍ണമായും വഴങ്ങിയില്ല. തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെ അന്ധവിശ്വാസത്തിലേക്ക് നയിക്കാന്‍ നവീന്‍ ശ്രമിച്ചു. എന്നാല്‍ നവീനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് അവർ ശ്രമിച്ചത്. ഇതിനിടെ നവീനിലൂടെ ദേവി കടുത്ത അന്ധവിശ്വാസിയായിരുന്നു.
2020ല്‍ തിരുവനന്തപുരത്തെ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെയാണ് ദേവിയും ആര്യയും പരിചയത്തിലാകുന്നത്. ഇത്തരം ചിന്തകളോട് നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ആര്യ ദേവിയിലൂടെയും നവീനിലൂടെയും വിചിത്രവിശ്വാസത്തിന് അടിമയായി. ദേവിയേക്കാള്‍ കൂടുതല്‍ ആര്യ ഇത്തരം വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടു. ആര്യയും നവീനും തമ്മില്‍ വിചിത്രവിശ്വാസത്തെ കുറിച്ച് സംസാരിക്കാനായി തയ്യാറാക്കിയ മെയില്‍ ഐഡിയാണ് ഡോണ്‍ബോസ്‌കോ എന്നത്.
ആര്യ പലര്‍ക്കും ഈ മെയില്‍ ഐഡിയില്‍ നിന്ന് അന്ധവിശ്വാസ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ അവരെ കൗണ്‍സലിങിന് വിധേയമാക്കിയിരുന്നു. നവീനും ദേവിയുമായി അടുപ്പം പുലര്‍ത്തുന്നത് വീട്ടുകാര്‍ വിലക്കിയെങ്കിലും രഹസ്യമായി അടുപ്പവും വിചിത്ര വിശ്വാസവും തുടരുകയായിരുന്നു.
വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തില്‍ അഭയം തേടണം, അല്ലെങ്കില്‍ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില്‍ അഭയം തേടണമെന്നാണ് മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്. അരുണാചലിലെ ഹോട്ടല്‍ മുറിയിലാണ് നവീന്‍, ദേവി, ആര്യ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദേവിയുടെയും ആര്യയുടെയും കൈ ഞരമ്പുകള്‍ മുറിച്ചത് ബലപ്രയോഗത്തിലൂടെയല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. രണ്ടുപേരും ജീവനൊടുക്കാന്‍ തയ്യാറായിരുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. രണ്ടുപേരുടെയുടെ ഞരമ്പ് മുറിച്ച ശേഷമാണ് നവീന്‍ ജീവനൊടുക്കിയതെന്നും അന്വേഷണസംഘം കണ്ടെത്തി.