23.6 C
Kottayam
Tuesday, May 21, 2024

രാജിവെച്ച തിരഞ്ഞെടുപ്പ്‌ കമ്മിഷണർ അരുൺ ഗോയൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ചേക്കും

Must read

ന്യൂഡല്‍ഹി: രാജിവെച്ച് വിവാദമുയര്‍ത്തിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ പഞ്ചാബില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ലുധിയാന ലോക്‌സഭാമണ്ഡലത്തില്‍ ഗോയലിനെ പാര്‍ട്ടി പരിഗണിക്കുന്നതായാണ് സൂചന. പഞ്ചാബ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മുമ്പ് ലുധിയാനയില്‍ ഡെപ്യൂട്ടി കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായിരുന്ന അകാലിദളായിരുന്നു 2019-ല്‍ ലുധിയാനയില്‍ മത്സരിച്ചത്. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി.യും അകാലിദളും പിരിഞ്ഞു. ഇക്കുറി വീണ്ടും സഖ്യത്തിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി.യും അകാലിദളും അണിയറയില്‍ തുടരുന്നതിനിടയിലാണ് അരുണ്‍ ഗോയലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം. മുന്‍മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായിരുന്ന പ്രകാശ് സിങ് ബാദലിന്റെ വിശ്വസ്തനായിരുന്ന അരുണ്‍ ഗോയലിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ അകാലിദളും പിന്തുണയ്ക്കുമെന്നാണ് അനുമാനം.

ബി.ജെ.പി.-അകാലിദള്‍ സഖ്യമുണ്ടായാല്‍ ഗോയലിനെ പൊതുസമ്മതസ്ഥാനാര്‍ഥിയാക്കാമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു. അതേസമയം പഞ്ചാബ് മുന്‍ ആഭ്യന്തരസെക്രട്ടറി എസ്.എസ്. ചന്നി, ബി.ജെ.പി. സംസ്ഥാനനേതാക്കളായ ഗുരുദേവ് ശര്‍മ ദേബി, പ്രവീണ്‍ ബന്‍സല്‍, അനില്‍ സരിന്‍ തുടങ്ങിയവരും മണ്ഡലത്തിലേക്ക് സാധ്യതാപട്ടികയിലുണ്ടെന്നാണ് സൂചന.

സിറ്റിങ് എം.പി.യായ രവ്‌നീത് സിങ് ബിട്ടുവായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ രണ്ടുവട്ടം ബിട്ടുവാണ് ഇവിടെ ജയിച്ചത്. 2009-ല്‍ കോണ്‍ഗ്രസിന്റെ മനീഷ് തിവാരി ജയിച്ചതും ലുധിയാനയില്‍നിന്നാണ്. നിലവില്‍ അനന്തപുര്‍ സാഹിബ് എം.പി.യായ മനീഷ് തിവാരി ചിലപ്പോള്‍ ലുധിയാനയിലേക്കു മാറിയേക്കുമെന്നും സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week