KeralaNews

അർഷൽ തോൽപ്പിച്ചു; ഇരുളിനെയും ഉരുളിനെയും അഭിനന്ദിച്ച് മന്ത്രി

കണ്ണൂര്‍ : കണ്ണൂരില്‍ കണ്ണവം കാടിനുള്ളില്‍ കാണാതായി പിന്നീട് കണ്ടെത്തിയ കുഞ്ഞുമിടുക്കനെ ചേര്‍ത്ത് നിര്‍ത്തി മന്ത്രി എം വി ​ഗോവിന്ദന്‍.

ഉരുള്‍ പൊട്ടുന്ന ശബ്ദം കേട്ടാണ് അര്‍ഷലെന്ന എട്ടുവയസ്സുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. ഓട്ടത്തില്‍ അവന്‍ തനിക്ക് സ്കൂളില്‍ നിന്ന് കിട്ടിയ ട്രോഫികളും കൈയ്യിലെടുത്തിരുന്നു.

ഓട്ടത്തില്‍ ബന്ധുക്കളുമുണ്ടായിരുന്നെങ്കിലും പിന്നീട് അര്‍‌ഷല്‍ തനിച്ചായി. കണ്ണവം കാട്ടിനുള്ളില്‍ അകപ്പെട്ട കുട്ടിയെ ബന്ധുക്കള്‍ രണ്ട് മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കാട്ടിനുള്ളിലും ക്ഷമയോടെ ധീരതയോടെ അവന്‍ തന്നെ തേടിയെത്തുന്നവരെ കാത്തിരുന്നു. ഉരുള്‍ പൊട്ടലില്‍ നിന്ന് ഇറങ്ങിയോടി മഴയിലും ഇരുട്ടിലും ഒറ്റയ്ക്കായെങ്കിലും ധീരത കൈവിടാതിരുന്ന അര്‍ഷലിനെ അഭിനന്ദിക്കുകയാണ് മന്ത്രി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അര്‍ഷലിനെ ചേര്‍ത്ത് നിര്‍ത്തിയ ഫോട്ടോയും അദ്ദേഹം പങ്കുവച്ചു.

കണ്ണൂര്‍ കൊമ്മേരി ഗവണ്‍മന്റ്‌ യുപി സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ അര്‍ഷല്‍‌. അര്‍ഷല്‍ നമുക്കൊരു‌ മാതൃകയാണ്‌, മഴക്കെടുതി ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാന്‍ എന്ന് മന്ത്രി കുറിച്ചു.

മന്ത്രി എം വി ​ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ്‌ അര്‍ഷല്‍, ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍. ഉരുള്‍പൊട്ടലിന്റെ ഉഗ്രശബ്ദം കേട്ടാണ്‌ ഈ എട്ട്‌ വയസുകാരന്‍ വീട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക്‌ ഓടിയത്‌. തനിക്ക്‌ സമ്മാനമായി കിട്ടിയ ട്രോഫികളും എടുത്തായിരുന്നു ആ ഓട്ടം.

തുടക്കത്തില്‍ ഒപ്പം വീട്ടുകാരുണ്ടായിരുന്നെങ്കിലും, മഴയും ഇരുട്ടും അര്‍ഷലിനെ ഒറ്റയ്ക്കാക്കി. കണ്ണവത്തെ കൊടുംവനത്തിലെ കൂരാക്കൂരിരുട്ടില്‍ ആ പെരുമഴയത്ത്‌ അവന്‍ കാത്തിരുന്നു, തനിച്ച്‌. രണ്ട്‌ മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ്‌ അര്‍ഷലിനെ ബന്ധുക്കള്‍ക്ക്‌ കാട്ടില്‍ കണ്ടെത്താനായത്‌. കണ്ണൂര്‍ കൊമ്മേരി ഗവണ്‍മന്റ്‌ യുപി സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ അര്‍ഷല്‍‌.

ദുരന്തമുഖത്തുപോലും പതറാതെ, നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറുകയാണ്‌ ഈ എട്ട്‌ വയസുകാരന്‍‌. അര്‍ഷല്‍ നമുക്കൊരു‌ മാതൃകയാണ്‌, മഴക്കെടുതി ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button