ചില്ലറയില്ലെന്ന് പറഞ്ഞ തട്ടുകടക്കാരന്റെ പല്ലടിച്ചുകൊഴിച്ച് യുവാവ്
തിരുവനന്തപുരം: 500 രൂപയ്ക്ക് ചില്ലറയില്ലെന്ന് പറഞ്ഞതില്‍ പ്രകോപിതനായി തട്ടുകടക്കാരന്റെ പല്ല് യുവാവ് അടിച്ചുകൊഴിച്ചു. തമിഴ്നാട് തൂത്തുക്കുടി കോവില്‍പ്പെട്ടി കുശാലപ്പെട്ടി വള്ളുവര്‍ നഗര്‍ തെരു സ്വദേശിയായ തട്ടുകടക്കാരന്‍ മുരുക സ്വാമിയേയും കുടുംബത്തേയും മര്‍ദിച്ച കേസില്‍ ബാലരാമപുരം ആര്‍സി തെരുവ് തൊളിയറത്തല വീട്ടില്‍ ഷിബു(31) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ ഷിബു 500 രൂപ നല്കി. എന്നാല്‍ ചില്ലറ ഇല്ലെന്ന് പറഞ്ഞതിന് ഇയാള്‍ മുരുകസ്വാമിയുടെ ഭാര്യ റാണിയോട് തട്ടിക്കയറുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. കടയില്‍ ഉണ്ടായിരുന്ന മുരുക സ്വാമി ഇത് ചോദ്യം ചെയ്തതോടെ ഇയാളെയും പെണ്‍മക്കളേയും മര്‍ദിക്കുകയായിരുന്നുവെന്ന് റാണി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
തട്ടുകട പൂര്‍ണമായും അടച്ചു തകര്‍ത്തു. റാണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടി. ഇയാളെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.