News

പിഴച്ചത് പൈലറ്റിന്, കൂനൂരില്‍ സൈനിക മേധാവിയടക്കം മരിച്ച അപകടത്തിന് കാരണംകാലാവസ്ഥ തിരിച്ചറിയാതിരുന്നത്; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ മരിച്ച സംഭവത്തിനിടയാക്കിയത് പൈലറ്റിന്റെ പിഴവെന്ന് അന്വേഷണ സംഘം. പ്രതികൂല കാലാവസ്ഥ തിരിച്ചറിയുന്നതില്‍ പൈലറ്റിനു സംഭവിച്ച പിഴവാണ് കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന് ഇടയാക്കിയതെന്ന് അന്വേഷണസമിതി കണ്ടെത്തിയതായാണ് സൂചന. അപകടത്തിന്റെ എല്ലാവശങ്ങളും വിശദമായി പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വിശ്വസ്തകേന്ദ്രങ്ങള്‍ അറിയിച്ചു.

മൂന്നു സേനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനു മുമ്പായി നിയമോപദേശത്തിനയച്ചിരിക്കുകയാണ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലാണ് സംയുക്ത അന്വേഷണം നടന്നത്. ഈ റിപ്പോര്‍ട്ട് അടുത്തയാഴ്ച വ്യോമസേനാമേധാവി എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരിക്ക് കൈമാറും. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചാണ് സംഘം അന്വേഷിച്ചത്. പൈലറ്റിനും മറ്റ് അംഗങ്ങള്‍ക്കും സംഭവിക്കുന്ന മാനുഷികമായ പിഴവുകളാണോ അപകടകാരണമെന്നും അന്വേഷണ സംഘം പരിശോധിക്കും. പ്രദേശത്തെക്കുറിച്ചുള്ള ധാരണക്കുറവു കൊണ്ട് നിരവധി അപകടങ്ങള്‍ ഉണ്ടാവാറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതും അന്വേഷണത്തിന്റെ ഭാഗമാണ്. കാലാവസ്ഥ അപകടത്തിനു കാരണമായോയെന്നും പരിശോധിക്കും. വ്യോമസേനാ മേധാവി വി ആര്‍ ചൗധരിക്കാണ് റിപോര്‍ട്ട് സമര്‍പ്പിക്കുക.

വ്യോമയാനമേഖലയില്‍ കണ്‍ട്രോള്‍ഡ് ഫ്ളൈറ്റ് ഇന്‍ ടു ടെറെയ്ന്‍ (സിഎഫ്എടി) എന്നറിയപ്പെടുന്ന പ്രതിഭാസമാകാം കൂനൂര്‍ കോപ്റ്ററപകടത്തിന് കാരണമായത്. ഭൂപ്രകൃതിയുടെ സ്വഭാവം തിരിച്ചറിയുന്നതില്‍ വന്ന മാനുഷികമായ പിഴവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ നീലഗിരി കൂനൂരിലായിരുന്നു ഹെലികോപ്റ്റര്‍ അപകടം. ജനറല്‍ റാവത്തും ഭാര്യയും മലയാളിയായ ഉദ്യോഗസ്ഥനുമടക്കം 14 പേര്‍ അപകടത്തില്‍ മരിച്ചു.

അതേസമയം കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പിണറായി വിജയന്‍ പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു. വീടിന്റെ സിറ്റൗട്ടില്‍ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ചന നടത്തി. അസുഖബാധിതനായി കിടപ്പിലായ പ്രദീപിന്റെ അച്ഛന്‍ രാധാകൃഷ്ണനുമായി മുഖ്യമന്ത്രി സംസാരിച്ചു.

വീട്ടിലുണ്ടായിരുന്ന പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, അമ്മ പദ്മിനി, പ്രദീപിന്റെ അനുജന്‍ പ്രസാദ്, പദ്മിനിയുടെ സഹോദരി സരസ്വതി, ശ്രീലക്ഷ്മിയുടെ അച്ഛന്‍ ജനാര്‍ദനന്‍, ശ്രീലക്ഷ്മിയുടെ അമ്മ അംബിക എന്നിവരുമായും മുഖ്യമന്ത്രി സംസാരിച്ചു. ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി കെ. രാജനോട് മുഖ്യമന്ത്രി അന്വേഷിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ത്തന്നെ റവന്യൂവകുപ്പില്‍ ജോലി നല്‍കുന്ന നടപടി ഉടന്‍ എടുക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്‍, കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. തുടങ്ങിയവര്‍ വീട്ടിലെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker