News

അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും, അന്വേഷണം ഭാര്യയിലേക്കെത്തിയതോടെ കസ്റ്റംസിനോട് സഹകരിച്ച് അർജുൻ

കൊച്ചി:കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം കണ്ണൂരിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സ്വർണക്കടത്തുമായി അർജു നെ ബന്ധിപ്പിക്കുന്ന നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു.ഇതിൻ്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ.

കരിപ്പൂര്‍ കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന്റെ തന്ത്രം ഫലിച്ചതായാണ് സൂചന.കണ്ണൂരിലെ തെളിവെടുപ്പിനു ശേഷം അര്‍ജുന്‍ ആയങ്കിയുടെ മനോഭാവത്തില്‍ മാറ്റം പ്രകടം.ഭാര്യ അമലയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണ് കൂടുതല്‍ സത്യം പറയാന്‍ അര്‍ജുനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഇതിന് വേണ്ടി കൂടിയായിരുന്നു അമലയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

അര്‍ജുന്റെ ഭാര്യ, ടി.പി. കേസ് പ്രതി ഷാഫി, കൊടി സുനി എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വിവരം അറിഞ്ഞതോടെ അര്‍ജുന്‍ ചോദ്യം ചെയ്യലിനോടു കൂടുതല്‍ സഹകരിക്കുന്നുണ്ട്.സ്വര്‍ണക്കടത്തും കവര്‍ച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് അര്‍ജുന്‍ നശിപ്പിച്ചത്. ഇതോടെ വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാകുകയാണ്.

ഫോണ്‍ നശിപ്പിച്ചതോടെ ഇതിലൂടെ നടത്തിയ വാട്‌സാപ് സന്ദേശങ്ങളുടെയും വിളികളുടെയും വിശദാംശങ്ങള്‍ കണ്ടെത്തുക എളുപ്പമല്ല. രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവില്‍പോയ അര്‍ജുന്‍ സംരക്ഷകരെ മുഴുവന്‍ ബന്ധപ്പെട്ടതും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതും വാട്‌സാപ്, ടെലിഗ്രാം ആപ്പുകള്‍ വഴിയാണ്. അര്‍ജുന്റെ ‘ലീഡര്‍’ അടക്കമുള്ളവരുടെ ഫോണുകള്‍ പിടിച്ചെടുത്താല്‍ മാത്രമേ ശാസ്ത്രീയ തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിയൂ.

അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക വളര്‍ച്ചയുടെ കാരണവും കണ്ടെത്താന്‍ കഴിയും. ടിപി കേസ് പ്രതിയായ ഷാഫിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. എന്നാല്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യില്ലെന്നാണ് സൂചന. അര്‍ജുനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഭാര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയോടും അമ്മയോടും ഇന്ന് കൊച്ചിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അര്‍ജുന്റെ ഇടപാടുകള്‍, വരുമാനം, ബന്ധങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയുകയാണ് ലക്ഷ്യമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ ചോദ്യം ചെയ്യലും നിര്‍ണ്ണായകമാകും.

അര്‍ജുനും കാരിയര്‍ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണില്‍ നിന്നു കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റു ചില ഫോണുകള്‍ കൂടി നിര്‍ജീവമായിട്ടുണ്ട്. ഇവയും നശിപ്പിക്കപ്പെട്ടിരിക്കാനാണു സാധ്യത. റമീസിന്റ കേസില്‍ നശിപ്പിക്കപ്പെട്ട ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്റെ ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തും വരെ അതു നശിപ്പിച്ചതായുള്ള മൊഴി വിശ്വാസത്തിലെടുക്കാന്‍ കസ്റ്റംസ് തയാറല്ല.

അതിനിടെ ജയിലിലുള്ള ടി.പി. വധക്കേസ് പ്രതികള്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടത് സര്‍ക്കാര്‍ ഒത്താശയോടെ എന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. അധികൃതരുടെ അനുമതിയില്ലാതെ ടി.പി. കേസ് പ്രതികള്‍ എങ്ങനെ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെടുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണം തട്ടിയെടുക്കാന്‍ സഹായിച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. സഹായത്തിനുള്ള പ്രതിഫലം കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും നല്‍കിയതായും അര്‍ജുന്‍ സമ്മതിച്ചിരുന്നു.

ഒളിവില്‍ കഴിയാനും ടി.പി വധക്കേസ് പ്രതികള്‍ സഹായിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിട്ടുണ്ട്. അര്‍ജുന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളില്‍ ശനിയാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker