ടി.ഡി.എസ് ഡിഡക്ഷനേച്ചൊല്ലി തര്‍ക്കം,ബാങ്കില്‍ ഇടപാടുകാരനും മാനേജരും തമ്മിലടിച്ചു

അഹമ്മദാബാദ്:കസ്റ്റമറും ബാങ്ക് മാനേജരും തമ്മിൽ ടിഡിഎസ് ഡിഡക്ഷനെ ചൊല്ലി തർക്കം. ഒടുവിൽ ഇത് കയ്യാങ്കളിയായി മാറി. ഗുജറാത്തിലെ ഒരു ബാങ്കിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യൂണിയൻ ബാങ്ക് ശാഖയിൽ നിന്നുള്ളതാണ് വീഡിയോ. സംഭവത്തിൽ കസ്റ്റമർ തന്നെ മർദ്ദിച്ചു എന്നും കാണിച്ച് ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കസ്റ്റമർ ബാങ്ക് മാനേജരുടെ മുടിയിൽ പിടിച്ചുവലിക്കുന്നതും ഷർട്ട് വലിച്ചു കീറാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
ബാങ്കിൽ വേറെയും നിരവധിപ്പേരുണ്ട്. ഇരുവരേയും പിടിച്ചു മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ, കസ്റ്റമർ ഒരുതരത്തിലും പിന്തിരിഞ്ഞു പോകാൻ തയ്യാറല്ല. അയാൾ പിന്നെയും പിന്നെയും ബാങ്ക് മാനേജരെ അക്രമിക്കാൻ ചെല്ലുന്നുണ്ട്. ബാങ്ക് മാനേജർ ഇയാളെ തടയാനും തള്ളിമാറ്റാനും ഒക്കെ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ഡിസംബർ 5 -നാണ് തൻ്റെ ഫിക്സഡ് ഡെപ്പോസിറ്റ് ഇന്ററസ്റ്റിന്റെ ടിഡിഎസ് ഡിഡക്ഷനെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റമർ ബാങ്കിലെത്തിയത്. റീഫണ്ടിനെ കുറിച്ച് വിശദമായി തന്നെ പറഞ്ഞിട്ടും അയാൾ ദേഷ്യപ്പെടുകയും ബാങ്ക് തന്നെ വഞ്ചിച്ചുവെന്ന് ആരോപിക്കുകയുമായിരുന്നു. പിന്നാലെ ദേഷ്യപ്പെട്ട് അയാൾ തന്നെ അക്രമിക്കുകയായിരുന്നു എന്നാണ് ബ്രാഞ്ച് മാനേജർ സൗരഭ് സിംഗിന്റെ പരാതിയിൽ പറയുന്നത്.
തുടർന്ന് അയാൾ മാനേജരുടെ ഐഡി കാർഡ് വലിച്ചെടുക്കുകയും ഷർട്ടിൽ പിടിച്ച് വലിക്കുകയും അത് കീറുകയും ചെയ്തു. ബാങ്കിലെ മറ്റൊരു ജീവനക്കാരനായ ശുഭം ജെയിൻ രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, കസ്റ്റമർ അയാളെയും ഉപദ്രവിക്കാൻ ശ്രമിച്ചു. പിന്നാലെ സൗരഭ് സിംഗ് പൊലീസിനെ വിളിച്ചു. ഇയാളെ അറസ്റ്റും ചെയ്തു.