മൂന്നരമാസം വരെ പ്രായമുള്ള കുഞ്ഞിനെ കൊല്ലാം! ഗര്‍ഭഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന
ബുവാനോസ്ആരീസ്: അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കി. 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നത് നിയമ വിധേയമാക്കുന്ന ബില്ലാണ് അര്‍ജന്റീന കോണ്‍ഗ്രസ് പാസാക്കിയത്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കു ശേഷം നടത്തിയ വോട്ടെടുപ്പില്‍ 38 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 29 സെനറ്റര്‍മാര്‍ എതിര്‍ത്തു. ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
നേരത്തെ ബലാത്സംഗം മൂലമുള്ള ഗര്‍ഭധാരണവും അമ്മയുടെ ജീവന് ഭീഷണയുണ്ടെങ്കിലും മാത്രമേ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതിയുണ്ടായിരുന്നുള്ളു. ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന ബില്‍ 2018 ല്‍ സെനറ്റ് തള്ളിയിരുന്നു. ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. സുരക്ഷിതവും സൗജന്യവുമായി ഗര്‍ഭഛിദ്രം അനുവദിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
അര്‍ജന്റീനയില്‍ ഓരോ വര്‍ഷവും നിയമവിരുദ്ധമായി 3,50,000 ല്‍ അധികം ഗര്‍ഭഛിദ്രം നടക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന ബില്‍ പാസാക്കുമെന്ന് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കൊവിഡ് വ്യാപിച്ചതോടെ രാജ്യത്ത് ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഇതോടെ ബില്ലില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.