യൂഡൽഹി: താജ്മഹൽ ഒരുകാലത്ത് ‘തേജാ മഹാലയ’ എന്ന ഹിന്ദു ക്ഷേത്രമായിരുന്നു എന്ന ഹിന്ദു സംഘടനകളുടെ വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ്(എഎസ്ഐ) ഉദ്യോഗസ്ഥർ. താജ്മഹലിന്റെ താഴത്തെ നിലയിൽ തുറക്കാത്ത 22 മുറികളിൽ വിഗ്രഹങ്ങൾ ഇല്ലെന്നും എഎസ്ഐ ഉദ്യോഗസ്ഥർ പറഞ്ഞു.
താജ്മഹലിലെ തുറക്കാത്ത 22 ഭൂഗർഭ മുറികളുടെ വാതിൽ തുറക്കണമെന്നാവശ്യപ്പെട്ട് രജനീഷ് സിംഗ് എന്നയാൾ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. താജ്മഹൽ ഒരുകാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും വിഗ്രഹങ്ങൾ ഇപ്പോഴും ഈ മുറികൾക്കുള്ലിൽ ഉണ്ടെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഇവ സന്ദർശകർ കാണാതിരിക്കാനാണ് മുറികൾ പൂട്ടിയിരിക്കുന്നതെന്നാണ് ഹർജിക്കാരന്റെ വാദം.
‘മുറികൾ സ്ഥരിരമായി അടച്ചിട്ടിരിക്കുന്നവയല്ല, അടുത്തിടെയും മുറികൾ സംരക്ഷണ പ്രവർത്തനങ്ങൾക്കായി തുറന്നിരുന്നു. ഇതുവരെ അവിടെ വിഗ്രഹങ്ങളൊന്നും കണ്ടിട്ടില്ല, രേഖകളിലും ഇവയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.’- എഎസ്ഐ ഉദ്യോഗസ്ഥർ പറയുന്നു. ഹർജിക്കാർ പറയുന്ന 22മുറികൾ മാത്രമല്ല, താജ്മഹലിൽ നൂറിലധികം മുറികൾ വിവിധ കാരണങ്ങളാൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
‘വിനോദസഞ്ചാരികൾ കെട്ടിടത്തിന് താഴേയ്ക്ക് കടക്കുന്നത് തടയാനാണ് ഇവ പൂട്ടിയിരിക്കുന്നത്. എഎസ്ഐ ആണ് ഈ മുറികളെല്ലാം പരിപാലിക്കുന്നത്. ഞാൻ ആഗ്രയിൽ പുരാവസ്തു വകുപ്പ് മേധാവിയായിരിക്കുമ്പോൾ ഈ മുറികളിൽ വിഗ്രഹങ്ങളൊന്നും കണ്ടിട്ടില്ല.’- എഎസ്ഐ മുൻ റീജിയണൽ ഡയറക്ടർ കെ കെ മുഹമ്മദ് പറഞ്ഞു. ബാബറി മസ്ജിദ് നിർമിക്കുന്നതിന് മുമ്പ് ആ സ്ഥലത്ത് രാമക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പ്രസ്താവിച്ച പ്രധാന വ്യക്തികളിൽ ഒരാളാണ് കെ കെ മുഹമ്മദ്. മറ്റ് മുഗൾ സ്മാരകങ്ങളിലും ഇത്തരം ഭൂഗർഭ മുറികൾ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.