NationalNews

ഗ്യാൻവാപി സർവേ; ഉത്തരവ് അടുത്ത മാസം 3 ന്; സ്റ്റേ തുടരുമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ​ഗ്യാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി അടുത്ത മാസം 3 വരെ നീട്ടി. വാദം പൂര്‍ത്തിയാക്കി അടുത്ത മാസം 3ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ല.

വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സര്‍വെ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തു പള്ളികമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വെ പള്ളിയെ തകര്‍ക്കുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സര്‍വെയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരം മുഴുവൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടത്തണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ മേയിലാണ് കോടതി സമ്മതിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഹിന്ദു പക്ഷം സമര്‍പ്പിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 14 ന് ഇരുപക്ഷത്തിന്റേയും വാദം കേട്ടശേഷം കോടതി കാര്‍ബണ്‍ ഡേറ്റിങ് പരിശോധന സംബന്ധിച്ച് വിധി പറയാന്‍ ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സര്‍വേ മസ്ജിദ് സമുച്ചയത്തിന് കേടുപാടുകള്‍ വരുത്തുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം പക്ഷം ഹര്‍ജിയെ എതിര്‍ത്തിരുന്നു.

ഹൈന്ദവ വിശ്വാസികള്‍ ‘ശിവലിംഗം’ എന്ന് അവകാശപ്പെടുന്ന വസ്തു നിലനില്‍ക്കുന്ന ‘വസുഖാന’ (അംഗശുദ്ധി വരുത്തുന്ന സ്ഥലം) സര്‍വേയുടെ ഭാഗമാകില്ല. ആ പ്രദേശം മുദ്രവച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാനാകുമെന്ന് കേസില്‍ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി വാരാണസി കോടതി തള്ളിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button