ഐഒഎസ് 18 ഉള്‍പ്പടെ പുതിയ ഒഎസ് അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഡിസൈന്‍ തലത്തിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെയാണ് ഐഒഎസ് 18 എത്തുന്നത്.
ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള പുതിയ ‘ആപ്പിള്‍ ഇന്റലിജന്‍സ്’ സൗകര്യങ്ങളും ഇതോടൊപ്പം ഐഫോണില്‍ പ്രഖ്യാപിച്ചു. ഐഫോണ്‍ അനുഭവത്തില്‍ അടിമുടി മാറ്റങ്ങളുമായാണ് പുതിയ എഐ ഫീച്ചറുകള്‍ എത്തുന്നത്.
ഐഫോണ്‍ 15 സീരീസ് മുതല്‍ എഐ ഫീച്ചറുകള്‍ ഉണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഐഫോണ്‍ 15 പ്രോ മോഡലുകളിലും അതിന് ശേഷം പുറത്തിറങ്ങുന്ന ഐഫോണുകളിലുമാണ് പുതിയ ജനറേറ്റീവ് എഐ ഫീച്ചറുകള്‍ ലഭിക്കുക. ഐഒഎസ് 17 പ്രോ ചിപ്പ് സെറ്റിലും ആപ്പിളിന്റെ എം1 മുതല്‍ എം4 വരെയുള്ള ചിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുക.
ഐഫോണ്‍ 15, 15 പ്ലസ് ഫോണുകളില്‍ എ16 ചിപ്പുകളാണുള്ളത്. ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് ഫോണുകളിലാണ് എ17 പ്രോ ചിപ്പുള്ളത്. ഫോണിലെ തന്നെ പ്രൊസസര്‍ ചിപ്പ് ഉപയോഗപ്പെടുത്തിയാണ് ആപ്പിള്‍ ഇന്റലിജന്‍സിന്റെ വിവിധ ഫീച്ചറുകളുടെ പ്രവര്‍ത്തനം. അതിനുള്ള സൗകര്യം പഴയ എ16 ചിപ്പിലുണ്ടാവില്ല. അതുകൊണ്ടു തന്നെ പഴയ ഐഫോണ്‍ 15 ന് മുമ്പ് പുറത്തിറങ്ങിയ ഐഫോണ്‍ മോഡലുകളിലും ഐഒഎസ് 18 അപ്‌ഡേറ്റ് എത്തിയാലും എഐ ഫീച്ചറുകള്‍ ലഭ്യമാവില്ല.
എന്നാല്‍ സിരി വിര്‍ച്വല്‍ അസിസ്റ്റന്റിലെ അപ്‌ഡേറ്റുകള്‍ എത് രീതിയിലാണ് പഴയ ഫോണുകളില്‍ എത്തുക എന്ന് കാത്തിരുന്ന് കാണാം. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സൗകര്യങ്ങളും സ്വാഭാവിക ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും ഉള്‍പ്പെടുത്തിയാണ് സിരി പരിഷ്‌കരിച്ചിരിക്കുന്നത്. സിരിയുടെ ലോഗോയിലും ഇന്റര്‍ഫെയ്‌സ് ഡിസൈനിലും മാറ്റങ്ങളുണ്ട്. അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചെങ്കിലും സെപ്റ്റംബറില്‍ ഐഫോണ്‍ 16 സീരീസ് അവതരിപ്പിക്കപ്പെട്ടതിന് ശേഷമേ ഒഎസ് അപ്ഡേറ്റുകള്‍ പുറത്തിറക്കുകയുള്ളൂ.
ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുന്ന ആപ്പിള്‍ ഉപകരണങ്ങള്‍
- ഐഫോണ്‍ 15 പ്രോ മാക്‌സ്
- ഐഫോണ്‍ 15 പ്രോ
- ഐപാഡ് പ്രോ
- ഐപാഡ് എയര്‍
- മാക്ക്ബുക്ക് എയര്‍
- മാക്ക്ബുക്ക് പ്രോ
- ഐമാക്ക്
- മാക്ക് മിനി
- മാക്ക് സ്റ്റുഡിയോ
- മാക്ക് പ്രോ