KeralaNews

പൂരം കലക്കിയത് വി.ഡി. സതീശനും എ.ഡി.ജി.പി.യും ചേർന്ന് :അൻവർ

മലപ്പുറം: കേരളത്തെ ഇളക്കിമറിച്ച വിവാദങ്ങൾക്ക് തിരികൊളുത്തിയ പി.വി. അൻവർ എം.എൽ.എ.യിൽനിന്ന് തൃശ്ശൂർ ഡി.ഐ.ജി. തോംസൺ ജോസും സംഘവും മൊഴിയെടുത്തത് ഒൻപത് മണിക്കൂർ. ശനിയാഴ്ച 11.30-ന് തുടങ്ങി രാത്രി 8.45 വരെ തുടർന്നു.

ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു മൊഴിയെടുപ്പ്. എ.ഡി.ജി.പി. അജിത് കുമാർ ബി.ജെ.പി. നേതാക്കളെ കണ്ടത് പ്രതിപക്ഷനേതാവിനുവേണ്ടിയാണെന്ന് മാധ്യമപ്രവർത്തകർക്കുമുന്നിൽ ആരോപണമുന്നയിച്ചാണ് അൻവർ ഡി.ഐ.ജി.യുടെ മുറിയിലേക്ക് പോയത്.

പൂരം കലക്കിയത് പ്രതിപക്ഷനേതാവിന്റെ ഗൂഢാലോചന

അജിത് കുമാറും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഗൂഢാലോചന നടത്തിയാണ് തൃശ്ശൂർപ്പൂരം കലക്കിയതെന്ന് മൊഴിയെടുപ്പിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ അൻവർ ആരോപിച്ചു. പുനർജനി പദ്ധതിയിൽ വിദേശഫണ്ട് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസ് ഒതുക്കാനാണ് ബി.ജെ.പി.യുമായി ഒത്തുചേർന്ന് പൂരം കലക്കിയത്. അത് പിണറായി വിജയന്റെ തലയിൽവെക്കാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷനേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനിപദ്ധതി ഇ.ഡി. അന്വേഷിക്കണമെന്ന് എഴുതിക്കൊടുക്കട്ടേയെന്നും അൻവർ പറഞ്ഞു.

വിവരങ്ങളെല്ലാം കൈമാറി

കൈവശമുള്ള എല്ലാതെളിവുകളും ഉദ്യോഗസ്ഥർക്കുനൽകിയെന്ന് അൻവർ പറഞ്ഞു. എസ്.പി. സുജിത്ദാസുമായി സംസാരിച്ചതിന്റെ ശബ്ദരേഖ, വയനാട്ടിലെ സ്ത്രീയിൽനിന്ന് പിടിച്ചെടുത്ത ഏഴരക്കിലോ സ്വർണം തട്ടിച്ചത്, പുറത്തുവിടാത്ത മറ്റൊരു ശബ്ദരേഖ എന്നിവയാണ് കൈമാറിയത്. പി. ശശിക്കെതിരേയുള്ളത് രാഷ്ട്രീയ ആരോപണമാണെന്നും പോലീസ് അന്വേഷിക്കുന്നത് കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനി സംഭവത്തിൽ കേസെടുക്കുന്നില്ല

തെളിവൊന്നുമില്ലാതെ മുകേഷ് എം.എൽ.എ.യുടെ പേരിൽ കേസെടുത്തു. എന്നാൽ, പൊന്നാനിയിൽ സ്ത്രീയെ പോലീസുദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ ഇതുവരെ എഫ്.ഐ.ആർ. ഇട്ടിട്ടില്ലെന്ന് അൻവർ ആരോപിച്ചു. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷന് പുതിയകെട്ടിടം നിർമിച്ചതിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. സർക്കാർഫണ്ടില്ലാതെ നിർമിച്ച കെട്ടിടത്തിന് ക്വാറികളിൽനിന്നും മുതലാളിമാരിൽനിന്നും കോടികൾ പിരിച്ചിട്ടുണ്ട്. എന്നിട്ട് എസ്.പി. എസ്. സുജിത് ദാസ് മികച്ച ഉദ്യോഗസ്ഥനായി നടിക്കുകയായിരുന്നെന്നും അൻവർ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker