ബ്ലൗസില്ലാതെ അഭിനയിക്കില്ലെന്ന് അനു സിത്താര പറഞ്ഞു; ഞാനാ സിനിമ ഒഴിവാക്കി; പൊന്നമ്മ ബാബു
കൊച്ചി:കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പൊന്നമ്മ ബാബു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സിനിമകളിൽ ചെയ്ത പൊന്നമ്മ ഇപ്പോൾ മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സിനിമാ രംഗത്തെയും സീരിയൽ രംഗത്തെയും അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. സിനിമകളിൽ തനിക്ക് ഇഷ്ടമില്ലാത്ത വേഷങ്ങൾ ധരിക്കാറില്ലെന്ന് പൊന്നമ്മ ബാബു വ്യക്തമാക്കി. അമൃത ടിവിയോടാണ് പ്രതികരണം.
‘മിസിസ് ഹിറ്റ്ലർ സീരിയൽ നന്നായി പോവുന്നു. സീരിയൽ മുമ്പ് ചെയ്തിട്ടുണ്ട്. പക്ഷെ ഈ പ്രാവശ്യത്തെ വരവെന്ന് പറഞ്ഞാൽ പതിനെട്ട് വർഷം കഴിഞ്ഞ് ചെയ്യുന്ന സീരിയലാണ്. ഇതിനിടയ്ക്ക് ഒരെണ്ണം ചെയ്തു. പക്ഷെ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പല പടത്തിലും വിളിക്കും’
‘രണ്ട് സീനുണ്ട് മൂന്ന് സീനുണ്ടെന്ന് പറഞ്ഞ്. ഇനി ചെയ്യുമ്പോൾ ശക്തമായ കഥാപത്രങ്ങളാണ് വേണ്ടത്. അത്രയും പടങ്ങളായി. സീരിയലിൽ നിന്ന് ഓഫർ വരുമ്പോൾ അത് ചെയ്യും. സിനിമയിൽ നിന്ന് ഓഫർ വരുമ്പോൾ അങ്ങോട്ട് ചാടും’
‘ധ്യാനിന്റെ സിനിമയിൽ നിന്നും അഭിനയിക്കാൻ വിളിച്ചു. സിനിമയുടെ സംവിധായകൻ എന്റെ കുടുംബ സുഹൃത്താണ്. ചേച്ചി ധ്യാനിന്റെ ഡേറ്റ് കിട്ടി, ധ്യാനിനെ വെച്ചൊരു പടം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സൊക്കെ ഷൂട്ട് ചെയ്ത വീട്ടിലാണെന്ന്. ചേച്ചിക്കൊരു വേഷമുണ്ട് പക്ഷെ ഞാനീ കോലമെല്ലാം മാറ്റും, മൂന്നോ നാലോ സീനാണെന്ന് പറഞ്ഞു’
‘ഇതാണെനിക്ക് പിടിക്കാത്തത്, മൂന്നോ നാലോ സീനെനിക്ക് വേണ്ട മുഴുനീള വേഷമാണ് വേണ്ടതെന്ന് ഞാൻ. കഥയിലങ്ങനെയാണ്, ചേച്ചി ഈ പടത്തിൽ വേണമെന്ന് അവരും. എന്നാൽ പോയി അഭിനയിച്ചേക്കാം എന്ന് കരുതി. ഞാൻ ഹിറ്റ്ലറിലെ മേക്കപ്പോടെയാണ് ആ സെറ്റിലേക്ക് പോവുന്നത്. അവിടെ ചെന്നപ്പോൾ ആളുകളെല്ലാം ഓടി വന്നു. പൊന്നമ്മ ചേച്ചീ എന്നും കാണുന്നുണ്ട് സൂപ്പറാണെന്നൊക്കെ പറഞ്ഞു’
‘ഞാൻ മേക്കപ്പ് ചെയ്ത് വന്നപ്പോൾ ഒരു മനുഷ്യന് തിരിച്ചറിയുന്നില്ല. എന്നെ പാടേ മാറ്റി. ഒരു നൈറ്റി. മുഴുവൻ കറുപ്പ് മേക്കപ്പ്. കോളനിയിലെ സ്ത്രീയാണ്. ഏഷണിക്കാരിയാണ്. ഇപ്പോൾ കറുത്തവർക്കാണ് സിനിമയുള്ളത്. ഞാനിപ്പോൾ എന്ത് ചെയ്യാനാണ്. വെളുത്ത് പോയത് എന്റെ തെറ്റാണോ. ഇത്രയും കളർ സിനിമയ്ക്ക് വേണ്ട എന്ന് പറയുന്നിടത്ത് നമ്മൾ എന്ത് പറയാനാണ്’
‘എളവൻകോട് ദേശം എന്ന കെജി ജോർജ് സാറിന്റെ പടത്തിൽ എന്നെ വിളിച്ചിരുന്നു. ഞാനാ സമയത്ത് നല്ല സിനിമകളുടെ ഭാഗമായി കയറി വരുന്ന സമയത്താണ് ഈ ഓഫർ വരുന്നത്. ഒരു പ്രശ്നമുണ്ട് ബ്ലൗസില്ലെന്ന്. ഞാൻ പറഞ്ഞു എന്റെ പൊന്നേ എനിക്ക് പറ്റില്ലെന്ന്’
‘അന്ന് ഒഴിവാക്കി. അത് കഴിഞ്ഞ് കുറേക്കാലത്തിന് ശേഷം മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഓഫർ വന്നു. 15 ദിവസം വേണം, ഒരു കാര്യമുണ്ട് ബ്ലൗസിടാനൊക്കില്ലെന്ന്. ഞാൻ പറഞ്ഞു പൊന്ന് മോനെ ബ്ലൗസുള്ള പടത്തിലേ അഭിനയിക്കുന്നുള്ളൂയെന്ന്. ഞാനാ പടം എടുത്തില്ല. അനു സിത്താര പറഞ്ഞു ബ്ലൗസിട്ടേ അഭിനയിക്കൂയെന്ന്’
‘അത് പോലെ പത്തൊൻപാതാം നൂറ്റാണ്ടിൽ പൊന്നമ്മയ്ക്ക് വേഷമില്ലെന്ന് വിനയൻ സാർ വിളിച്ചു പറഞ്ഞു. എന്തായെന്ന് ചോദിച്ചപ്പോൾ ഒന്നിനും ബ്ലൗസില്ലെന്ന് പറഞ്ഞു. സാറേ വേണ്ട, അടുത്ത പടം തന്നാൽ മതിയെന്ന് പറഞ്ഞു. ബ്ലൗസ് എനിക്കൊരു വീക്ക്നെസാണ്,’ പൊന്നമ്മ ബാബു പറഞ്ഞു.