തിയറ്ററുകള്‍ തുറന്നാലും ‘മരക്കാര്‍’ ഉടനില്ല; 50 ശതമാനം പ്രവേശനം നഷ്‍ടമുണ്ടാക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഉടന്‍ തിയറ്ററുകളിലേക്ക് ഇല്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ . കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25ന് തുറക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രതികരണം. 50 ശതമാനം സീറ്റുകളിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ പ്രദര്‍ശനരീതി നഷ്‍ടമുണ്ടാക്കും എന്നതിനാലാണ് ചിത്രം ഉടന്‍ റിലീസ് ചെയ്യേണ്ട എന്ന തീരുമാനമെന്നും ആന്‍റണി പറഞ്ഞു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 100 കോടിയാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രത്തിന്‍റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. ചിത്രം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ അണിയറക്കാര്‍ ഒടിടി റിലീസിലേക്ക് നീങ്ങുമോ എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സമയത്ത് ചര്‍ച്ച ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യാനാണ് താല്‍പര്യമെന്ന് പ്രിയദര്‍ശനും മോഹന്‍ലാലും പ്രതികരിച്ചിരുന്നു.
“മരക്കാര്‍ ഒരു ബിഗ് ബജറ്റ് പിരീഡ് സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്‍ത്, ചെറിയ സ്ക്രീനുകളിലൂടെ ആസ്വദിക്കാവുന്ന ചിത്രമല്ല അത്. 600 തിയറ്ററുകള്‍ 21 ദിവസത്തെ ഫ്രീ-റണ്‍ തരാമെന്നേറ്റ ചിത്രവുമാണ് അത്. അതിനാല്‍ റിലീസ് ചെയ്യാനുള്ള സമയത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. അത് സംഭവിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുകയും ചെയ്യും. സിനിമ തിയറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ”, മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ താനും മോഹന്‍ലാലും നിര്‍മ്മാതാവ് ആയ ആന്‍റണി പെരുമ്പാവൂരും ഒരേ അഭിപ്രായക്കാരാണെന്ന് പ്രിയദര്‍ശനും പറഞ്ഞിരുന്നു- “ഒരു ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍. ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കപ്പെടേണ്ട ചിത്രം. ഇനിയൊരു ആറ് മാസം കൂടി കാത്തിരിക്കേണ്ടിവന്നാലും തിയറ്റര്‍ റിലീസ് തന്നെയായിരിക്കും മരക്കാര്‍. മരക്കാര്‍ പോലെ ഒരു വലിയ ചിത്രം ഡിജിറ്റലില്‍ എത്തുംമുന്‍പ് തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് ഞാനും മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും”, എന്നായിരുന്നു പ്രിയദര്‍ശന്‍റെ വാക്കുകള്‍.
മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.