സര്‍ക്കാര്‍ ആശുപത്രിയില്‍ വിതരണത്തിനെത്തിച്ച ആന്റി ബയോട്ടിക്കില്‍ കുപ്പിച്ചില്ല്
കോഴിക്കോട്:ന്യുമോണിയ,മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കുത്തിവയ്ക്കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച ആന്റിബയോട്ടിക്കില്‍ കുപ്പിച്ചില്ല് കണ്ടെത്തി.തലശ്ശേരി ജനറല്‍ ആശുപത്രി, വയനാട് നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രംഎന്നിവിടങ്ങളില്‍ വിതരണത്തിനായി എത്തിച്ച സെഫോട്ടക്‌സൈം ആന്റിബയോട്ടിക്കിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.
കുത്തിവയ്ക്കും മുമ്പ് സാധാരണ ഗതിയില്‍ ആന്റിബോയോട്ടിക്‌സ് കുലുക്കാറുണ്ട്. ഇത്തരത്തില്‍ കുലുക്കിയപ്പോള്‍ കുപ്പിയില്‍ കിലുങ്ങുന്ന ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് ചില്ല് കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ മരുന്നു വിതരണം ചെയ്ത കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സെഫോട്ടെക്സൈം ഉപയോഗിക്കരുതെന്ന് ഉടന്‍ കോര്‍പറേഷന്‍ എല്ലാ ആശുപത്രികള്‍ക്കും മുന്നറിയിപ്പു നല്‍കി. എന്നാല്‍ ആന്റി ബയോട്ടിക്കില്‍ ചില്ല് കണ്ടെത്തിയ വിവരം കോര്‍പറേഷന്‍ ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല. മരുന്നു കമ്പനിയായ ജയ്പുരിലെ വിവേക് ഫാര്‍മയെ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു. ഈ കമ്പനിയില്‍ നിന്നു വിവിധ രോഗങ്ങള്‍ക്കുള്ള ഒട്ടേറെ മരുന്നുകള്‍ കോര്‍പറേഷന്‍ വാങ്ങുന്നുണ്ട്.
2018ല്‍ വാങ്ങിയ ഈ മരുന്നിന്റെ കാലാവധി ഈ മാസം അവസാനിരിക്കെയാണ് ഇങ്ങനെ ഒരു സംഭവം. അതേസമയം പൂര്‍ണമായും യന്ത്രവ്ത്കൃതമായി നിര്‍മിക്കുന്ന മരുന്നില്‍ കുപ്പിച്ചില്ല് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.