കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി. ഷാജുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പരുക്കുകളില്ലെന്നും മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, അഞ്ജുവിന്റെ മരണ കാരണം അന്വേഷിക്കാന്‍ എംജി സര്‍വകലാശാല ഡോ. എം.എസ്.മുരളി, ഡോ. അജി സി. പണിക്കര്‍, പ്രൊഫ. വി.എസ്.പ്രവീണ്‍കുമാര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.
കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട് ഷാജി-സജിത ദമ്പതികളുടെ മകളായ അഞ്ജു പി.ഷാജി(20)യുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെയാണ് ചെമ്പിളാവില്‍ സമീപം നദിയില്‍ കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ ആരംഭിച്ച തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അഞ്ജുവിന് ചേര്‍പ്പുങ്കല്‍ ബിവിഎം കോളജാണ് പരീക്ഷ കേന്ദ്രമായി ലഭിച്ചത്. ശനിയാഴ്ച നടന്ന പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചതിനെ തുടര്‍ന്നാണ് പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ടതെന്നായിരുന്നു കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സംഭവത്തെ തുടര്‍ന്ന് കോളജില്‍ നിന്ന് ഇറങ്ങിയ അഞ്ജു വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അഞ്ജുവിന്റെ മൃതദേഹം ചെമ്പിളാവില്‍ കണ്ടെത്തിയത്.