കോട്ടയം: കോപ്പിയടി ആരോപണത്തെ ആത്മഹത്യ ചെയ്ത അഞ്ജു ഷാജി ഹാള്‍ ടിക്കറ്റിനു പിന്നില്‍ കോപ്പി എഴുതിയെന്ന ഹോളി ക്രോസ് കോളജിന്റെ അവകാശവാദം തള്ളി കുട്ടിയുടെ പിതാവ് ഷാജി. അത് അഞ്ജുവിന്റെ കൈപ്പടയല്ലെന്നും ഹാള്‍ ടിക്കറ്റ് കാണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നപ്പോള്‍ അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. ഹാള്‍ ടിക്കറ്റിനു പിന്നില്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണ് കോളജ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നലെ പ്രിന്‍സിപ്പാളിന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ തരാന്‍ കഴിയില്ലെന്ന് പറഞ്ഞ അധ്യാപകനാണ് കോളജിനു വേണ്ടി പത്രസമ്മേളനം നടത്തിയത്. അദ്ദേഹം കോളജിന്റെയോ പള്ളിയുടെയോ ആരുമല്ല. രാത്രി 10 മണിക്കാണ് എസ് ഐയോടൊപ്പം കോളജില്‍ കയറി ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്. അതില്‍ പേപ്പര്‍ തട്ടിപ്പറിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ നീക്കം ചെയ്താണ് കോളജ് അധികൃതര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ ക്യാമറകള്‍ കേടാണെന്ന് അറിയിച്ചിരുന്നു. അതാണ് ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുട്ടി ഇറങ്ങിപ്പോകുന്നതായി കാണിച്ചത്.
പോലീസ് അന്വേഷണം കാര്യക്ഷമമല്ല. കോളജിനു വേണ്ടിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. മുഴുവന്‍ രേഖകളും കോളജ് സമര്‍പ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. ഞങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി ലഭ്യമാക്കണം. പ്രിന്‍സിപ്പാളിനെതിരെ നടപടി എടുക്കണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. രാത്രി അച്ചന്റെ അടുത്തേക്ക് അന്വേഷിക്കാന്‍ പോയപ്പോള്‍ ഏതെങ്കിലും ആണ്‍കുട്ടികളോടൊപ്പം പോയിട്ടുണ്ടാവുമെന്ന് പറഞ്ഞുവെന്നും അഞ്ജുവിന്റെ പിതാവ് പറഞ്ഞു.