24.4 C
Kottayam
Sunday, September 29, 2024

സംശയങ്ങള്‍ ദുരീകരിക്കുന്നത് വരെ ജനം ടി.വിയുടെ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കും; അനില്‍ നമ്പ്യാര്‍

Must read

കൊച്ചി: സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടി.വിയുടെ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് ജനം ടി.വി കോര്‍ഡിനേറ്റര്‍ അനില്‍ നമ്പ്യാര്‍. ഞാന്‍ വഴി ജനം ടി.വിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. സ്വപ്നയെ ഉപദേശിക്കുകയോ അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ തന്റെ ജോലിയല്ല എന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ താന്‍ സ്വപ്നയെ വിളിച്ചത് ഒരു തവണ മാത്രമാണെന്നും അദ്ദേഹം പറയുന്നു.

അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുകയായിരുന്നു ഞാന്‍. ഓണം ഷൂട്ടിംഗിന്റെ തിരക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലായതിനാലാണ് ഈ കുറിപ്പ് വൈകിയത്. സഹപ്രവര്‍ത്തകരുടെ കൂരമ്പുകളേറ്റ് എന്റെ പ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറല്‍ പോലും ഏറ്റിട്ടില്ല. നിങ്ങള്‍ വര്‍ദ്ധിത വീര്യത്തോടെ വ്യാജ വാര്‍ത്തകളുമായി പൊതുബോധത്തില്‍ പ്രഹരമേല്‍പ്പിക്കുന്നത് തുടരുക. ആത്യന്തിക സത്യം അധികകാലം ഒളിച്ചിരിക്കില്ല. കെട്ടുകഥകള്‍ക്ക് അല്‍പ്പായുസ്സേയുള്ളൂ. എന്നെ മനസ്സിലാക്കിയവര്‍ക്ക്, എന്നെ അടുത്തറിയുന്നവര്‍ക്ക് ഒരു പഠനക്ലാസ് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ പുകമറക്കുള്ളില്‍ നിന്ന് കള്ളക്കഥകളും കുപ്രചരണങ്ങളും മെനയുന്നവര്‍ സത്യം പുറത്തു വരുന്ന കാലം അതിവിദൂരമല്ലെന്ന് തിരിച്ചറിയുക.

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നില്‍ ഹാജരായി ഇന്നലെ ഞാന്‍ മൊഴി കൊടുത്തു. ക്യാമറകള്‍ക്ക് മുന്നിലൂടെ ഒരു സാധാരണക്കാരനായി നടന്നുപോയാണ് അവരുടെ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയത്. ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ ഇതില്‍ ഒളിച്ചുവെക്കാനൊന്നുമില്ല. ആരെയും സംരക്ഷിക്കാനുമില്ല. പക്ഷെ ഒരു രാജ്യദ്രോഹിയായി എന്നെ ചിത്രീകരിച്ചു കൊണ്ട് ഇകഴ്ത്തലുകളുടെ ഘോഷയാത്രയുമായി എന്റെ സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ വാര്‍ത്താദിവസം ആഘോഷിച്ചു. കഥയറിയാതെ ആട്ടം നടത്തിയവരോട് ഒന്നും പറയാനില്ല. റേറ്റിങ്ങിനായുള്ള അഭ്യാസമെന്നതിലുപരിയായി ഈ ആട്ടക്കഥയെ ഞാന്‍ കാണുന്നുമില്ല.

ജൂലൈ അഞ്ചാം തീയ്യതിയിലെ ഫോണ്‍ കോളിനെക്കുറിച്ച് വ്യക്തത വരുത്തുകയായിരുന്നു കസ്റ്റംസിന്റെ ഉദ്ദേശ്യം. ഒരന്വേഷണ ഏജന്‍സി എന്ന നിലയില്‍ അവരുടെ ഉത്തരവാദിത്വം അവര്‍ നിര്‍വ്വഹിച്ചു. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചു. കൃത്യസമയത്ത് തന്നെ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ഞാന്‍ ഒളിച്ചോടിയില്ല. നീതിക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ഒന്നും ചെയ്യാത്തിടത്തോളം കാലം ഒരന്വേഷണത്തെയും ഞാന്‍ ഭയക്കുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ കോള്‍ ഡീറ്റയില്‍സ് റെക്കോഡ് പരിശോധിച്ചാല്‍ ഞാന്‍ ഈ സ്ത്രീയെ വിളിച്ചത് ഒരേ ഒരു തവണയാണ്. ആ വിളി യുഎഇ കോണ്‍സുലേറ്റിന്റെ വിശദീകരണം തേടാന്‍ മാത്രമായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിലും (അവര്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച കാര്യം എനിക്കറിയില്ലായിരുന്നു) എനിക്ക് പരിചയമുള്ള ഒരു വ്യക്തിയെന്ന നിലയിലും ഫോണില്‍ വിളിച്ച് നിജസ്ഥിതി മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. നയതന്ത്ര ബാഗേജിനെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ച ഞാന്‍ തന്നെ അവരോട് അതല്ലെന്ന് പറയാന്‍ നിര്‍ദ്ദേശിച്ചെന്ന മൊഴിയുടെ സാംഗത്യവും മനസ്സിലാകുന്നില്ല. യുഎഇ കോണ്‍സുലേറ്റിന്റെ വിശദീകരണം പ്രാധാന്യത്തോടെ രണ്ട് മണിയുടെ വാര്‍ത്താ ബുള്ളറ്റിനില്‍ കൊടുക്കുകയും ചെയ്തിരുന്നു. സ്വപ്നയെ ഉപദേശിക്കുകയോ അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ എന്റെ ജോലിയല്ല. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് പോലുള്ള ഒരു കണ്‍സള്‍ട്ടന്‍സി കൈയിലുള്ളപ്പോള്‍ അവര്‍ എന്നെപ്പോലുള്ള ഒരാളെ സമീപിക്കേണ്ട കാര്യവുമില്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിലെ നന്മമരങ്ങളോട് മാത്രമേ സംവദിക്കാവൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ. ഞാന്‍ അവരെ വിളിക്കുമ്പോള്‍ അവര്‍ സംശയത്തിന്റെ നിഴലില്‍ പോലുമില്ലായിരുന്നു. 2018 ല്‍ പരിചയപ്പെടുന്നവര്‍ നാളെ സ്വര്‍ണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ.

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഇവരാണെന്നറിഞ്ഞിട്ടും ഒളിവില്‍ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിലെത്തിയ കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. പക്ഷെ ആര് എത്തിച്ചുവെന്ന് ആരും തിരക്കുന്നില്ല ! സ്വപ്നയുമായി ടെലിഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഞാന്‍ മാത്രമാണോയെന്ന് ആരും അന്വേഷിക്കുന്നില്ല ! അവരുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകര്‍ ആരൊക്കെയാണെന്ന് ആര്‍ക്കും അറിയേണ്ട ! അതായത് സ്വര്‍ണ്ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണ്. ഞാന്‍ വഴി ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം. സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയ ജൂലൈ അഞ്ച് മുതല്‍ ഇതു സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സമഗ്രമായും വസ്തുനിഷ്ഠമായും ജനം ടിവി അവതരിപ്പിക്കുന്നുണ്ട്. അത് തുടര്‍ന്നും ശക്തിയുക്തം മുന്നോട്ട് പോകണം. ചാനലിലെ എന്റെ സാന്നിദ്ധ്യം വാര്‍ത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ എന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും ഞാന്‍ മാറി നില്‍ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week