KeralaNews

തന്നേയും അഛനെയും ചതിക്കാനുള്ള ശ്രമം; കുര്യൻറെ ഗൂഢാലോചന; ആരോപണങ്ങൾ നിഷേധിച്ച് അനിൽ ആന്റണി

പത്തനംതിട്ട: തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് അനില്‍ ആന്റണി. തനിക്കെതിരേ പി.ജെ കുര്യന്‍ നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അനില്‍ ആന്റണി മാധ്യങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം നാല്‍പത്-അമ്പത് കൊല്ലമായി കുതികാല്‍വെട്ടലിന്റേയും ചതിയുടേയും മാത്രം ഒരു കേന്ദ്രമായി മാറിയെന്നും കരുണാകരനേയും എ.കെ. ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും പിന്നില്‍നിന്ന് ചതിച്ച രണ്ടുമൂന്ന് പേരില്‍ ഒരാള്‍ പി.ജെ. കുര്യനാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

നിരവധി കേസുകളില്‍ പ്രതിയാണ് നന്ദകുമാറെന്നും പി.ജെ. കുര്യനാണ് തന്റെ സമീപത്തേക്ക് നന്ദകുമാറിനെ പറഞ്ഞയച്ചതെന്നും അനില്‍ ആന്റണി ആരോപിച്ചു. തന്നേയും എ.കെ. ആന്‍റണിയേയും ചതിക്കാനുള്ള ശ്രമമാണിതെന്നും അനില്‍ ആന്റണി പറഞ്ഞു.

അനില്‍ ആന്‍റണിയുടെ വാക്കുകള്‍

“ആദ്യം എന്നെ പരാജയപ്പെടുത്താന്‍ ഇവര്‍ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കൊണ്ടുവന്ന് പ്രചാരണം നടത്താന്‍ ശ്രമിച്ചു, അത് പരാജയപ്പെട്ടു.അതൊന്നും നടന്നില്ല. അതുകഴിഞ്ഞ് ശ്രീ പി.ജെ. കുര്യന്‍ തന്നെ ഇവിടെ വന്ന് ഒന്നുരണ്ട് ദിവസം ഇവിടെ ക്യാമ്പെയിന്‍ ചെയ്യാന്‍ ശ്രമിച്ചു, അതുമൊരു നനഞ്ഞ പടക്കമായി മാറി. അതുകഴിഞ്ഞ് എന്റെ പിതാവായ എ.കെ. ആന്റണിയെക്കൊണ്ട് ഒരു പ്രസ് കോണ്‍ഫറന്‍സ് ചെയ്യിച്ചു, അതിലും വലിയ എഫ്ക്ട് ഒന്നുമുണ്ടായില്ല.

ഇതുകഴിഞ്ഞാണ് ഇന്നലെ ഇവിടെ കേരള സമൂഹത്തില്‍ത്തന്നെ എല്ലാവര്‍ക്കുമറിയാവുന്ന ഒരു ക്രിമിനല്‍, അതായത് പല സിബിഐ കേസില്‍ ജയിലില്‍ പോയ ഒരാള്‍, ഇയാളെക്കുറിച്ച് ഞാനിന്നലെ അന്വേഷിച്ചു. അപ്പോള്‍ എനിക്കുകിട്ടിയ വിവരം ഇയാള്‍ നിരവധി പ്രാവശ്യം അറസ്റ്റിലായിട്ടുണ്ട്. സ്വന്തം കുടുംബത്തിലെ ഒരമ്പലത്തില്‍നിന്നുതന്നെ വിഗ്രഹം മോഷ്ടിച്ചതിന് ജയിലില്‍ പോയ വ്യക്തിയൊക്കെയാണ്. ഇങ്ങനെയൊരു വ്യക്തിയെക്കൊണ്ട് ഇങ്ങനെയൊരു വളരെ നിലവാരം കുറഞ്ഞ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായിട്ട് വരുന്ന ഒരു കാഴ്ചയാണ് കാണുന്നത്.

ഇതിനെ കുറിച്ച് ഞാന്‍ വളരെ വ്യക്തമായി പറയാം. കാരണം ഈ നന്ദകുമാറിനെ ഞാന്‍ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്. അതിന്റെ കാര്യവും സാഹചര്യവുമൊക്കെ ഞാന്‍ വ്യക്തമായി പറയാന്‍ പോവുകയാണ്. ഞാന്‍ ഒരു സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റാണ്. ഞാന്‍ ഗ്ലോബലി റെക്കഗ്നൈസ്ഡ് ആയിട്ടുള്ള ഒരു പ്രൊഫഷണലാണ്. ഞാനെന്റെ ഫീല്‍ഡുകളില്‍ ആ നിലവാരം വെച്ചുപുലര്‍ത്തി ഇവിടെ വികസനം, ഇവിടെ അവസരങ്ങള്‍ ഇവിടെ ജനങ്ങളെ മുന്നോട്ടുകൊണ്ടുപോവാന്‍ പോസിറ്റീവ് രാഷ്ട്രീയവുമായിട്ട് വന്നപ്പോള്‍ അണ്‍ഫോര്‍ച്യുണേറ്റ്‌ലി എനിക്കെതിരേ നില്‍ക്കുന്നവര്‍ ഒരുരീതിയിലും അതെന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയില്ലാന്നുള്ള വാശിയോടെ എനിക്കെതിരേ നെറികെട്ട രാഷ്ട്രീയം നടത്തുകയാണ്.

ഈ പി.ജെ. കുര്യനുമായി ബന്ധപ്പെട്ടുള്ള പല കാര്യങ്ങളും എനിക്ക് പറയാനുണ്ട്. ഞാന്‍ ചെറുപ്പം മുതലേ കോണ്‍ഗ്രസ് രാഷ്ട്രീയം കണ്ട ഒരു വ്യക്തിയാണ്. ശ്രീ എ.കെ. ആന്റണിയുടെ മകനായി ജനിച്ചതുകൊണ്ട് ഈ പറയുന്ന എല്ലാവരേയും ഞാന്‍ ജനിച്ച അന്നുമുതല്‍ കാണുന്നതാണ്, കുര്യന്‍ സാറുള്‍പ്പെടെ. അദ്ദേഹം എനിക്കൊരു കുടുംബാംഗത്തെ പോലെത്തന്നെയാണ്. പക്ഷേ പല കാര്യങ്ങളും എനിക്ക് വ്യക്തമായറിയാം.

കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം നാല്‍പത്-അമ്പത് കൊല്ലമായി ഇത് കുതികാല്‍വെട്ടലിന്റേയും ചതിയുടേയും മാത്രം ഒരു കേന്ദ്രമായി. ഇതില്‍ വളരെ പ്രമുഖമായ മൂന്നുനാല് ഇന്‍സിഡെന്‍സ് നടന്നിട്ടുണ്ട്. ലീഡര്‍ കരുണാകരന്‍ സാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു ഇല്ലാത്ത കേസ് പറഞ്ഞ് അദ്ദേഹത്തെ രാജി വെപ്പിച്ചു.

അതുകഴിഞ്ഞ് 2004ല്‍ ശ്രീ എ.കെ. ആന്റണി അദ്ദേഹത്തെ പലരും കുതികാല്‍വെട്ടി രാജി വെപ്പിച്ചു. പിന്നെ 2013-14 സമയത്ത് ശ്രീ ഉമ്മന്‍ ചാണ്ടി, അദ്ദേഹം തുടര്‍ഭരണത്തിലേക്ക് വരുന്ന സമയത്ത് കോണ്‍ഗ്രസുകാര്‍ തന്നെ അദ്ദേഹത്തിന്റെ കുതികാല്‍വെട്ടിച്ച് അദ്ദേഹത്തെ തോല്‍പിച്ച് തുടര്‍ഭരണം ഇല്ലാതാക്കി. എനിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയം വളരെ നല്ല രീതിയില്‍ അറിയാവുന്നതുകൊണ്ട് ഞാന്‍ പറയുകയാണ് ഈ മൂന്ന് സംഭവങ്ങളിലും ഒരേപോലെ പങ്കുള്ള രണ്ടുമൂന്ന് പേരുണ്ട്. അതിലൊന്ന് ഈ ശ്രീ പി.ജെ. കുര്യനാണ്.

2007 മുതല്‍ 2013 വരെ ഞാന്‍ അമേരിക്കയിലാണ്. 2012 ല്‍ വെക്കേഷന്‍ പോലൊരു സമയത്ത് ഞാന്‍ നാട്ടില്‍ വന്നപ്പോഴാണ് ഒരു റെസ്‌റ്റോറന്റ് പോലൊരു സ്ഥലത്ത് എന്റെ സുഹൃത്തുമായിരുന്നപ്പോള്‍ ഞാന്‍ ഈ നന്ദകുമാറിനെ പരിചയപ്പെട്ടു. നന്ദകുമാറിനെ ഞാന്‍ പരിചയപ്പെട്ട റെഫറന്‍സ് ശ്രീ പി.ജെ. കുര്യനാണ്. കുര്യന്‍ സാര്‍ ഇത് ഡിനൈ ചെയ്യട്ടേ, ഇപ്പോള്‍ ഓര്‍മയില്ലെന്നൊക്കെയാണ് പറയുന്നത്. നന്ദകുമാര്‍ എന്നെ വന്നുകണ്ടു, അവിടെവെച്ച് ശ്രീ പി.ജെ. കുര്യനെ വിളിച്ചുതന്നു. കുര്യന്‍ സാറിന്റെ ആളാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെട്ടത്.

അതുകഴിഞ്ഞ് ഇടയ്ക്കിടയ്‌ക്കൊക്കെ എന്നെ വന്നുകാണാന്‍ തുടങ്ങി. കുര്യന്‍ സാറിന്റെ ആളാണെന്ന് വിചാരിച്ച് ആ നാലഞ്ച് ആഴ്ചക്കിടെ നാലഞ്ചുതവണ എന്നെ വന്നുകണ്ടു. പക്ഷേ ഓരോ പ്രാവശ്യം കാണുമ്പോഴും പറഞ്ഞുകൊണ്ടുവരുന്നത് നടക്കാത്ത കാര്യങ്ങളാണ്. ഏജെങ്കിലുമൊരു ഉദ്യോഗസ്ഥനെ ട്രാന്‍സ്ഫര്‍ ചെയ്യണം, ഏതെങ്കിലുമൊരു ജഡ്ജിനെ അവിടെ പോസ്റ്റ് ചെയ്യണം, ഇതൊക്കെ പറഞ്ഞുകൊണ്ടാണ് എന്റെയടുത്ത് വരുന്നത്. ഇതും പറഞ്ഞ് എന്റെയടുത്ത് വരരുത് എന്നുപറഞ്ഞ് ഞാന്‍ കട്ട് ചെയ്ത ഒരു വ്യക്തിയാണ്.

അല്ലാതെ ഇയാളുമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല. എനിക്ക് കുറച്ച് മാന്യതയുള്ളതുകാരണം മാത്രം ഞാന്‍ പറയാത്തതാണ്. കുര്യന്‍ സാറിന് ഒരു കേസുണ്ടായിരുന്നു, നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കേസാണ്. പിന്നെ പലരും പറഞ്ഞപ്പോഴാണ് ഞാനറിയുന്നത് ഈ കേസ് ഒത്തുതീര്‍പ്പാക്കിയത് ഈ നന്ദകുമാറാണ്. എന്റെ മാന്യത കാരണം ഞാന്‍ ആ നിലവാരത്തിലേക്ക് പോകുന്നില്ല. വേറൊരു അവസരം വന്നാല്‍ ഞാന്‍ വ്യക്തമായി നിങ്ങളോടതുപറയാം. ഇന്ന് ഞാനതുപറയുന്നില്ല, തെളിവുകള്‍ സഹിതം ഞാനതുപറയാം.

ഇന്നിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, അഞ്ചാഴ്ചയ്ക്കിടെ ഞാനിവിടെ ഒരുപാട് മുന്നേറി, ഞാനിവിടെ ജയിച്ചുകൊണ്ടിരിക്കുകയാണ്, കുര്യന്‍ സാര്‍ നേരത്തെ ഇവിടെ ജയിച്ചിട്ടുള്ള വ്യക്തിയാണ്. ഈ ആന്റോ ആന്റണി ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. ഇപ്രാവശ്യം ഞാനിവിടെ ജയിക്കാന്‍ പോവുകയാണെന്ന് വ്യക്തമായി മനസിലാക്കിയതോടെ ഇദ്ദേഹത്തിന്റെ അനുയായി നന്ദകുമാറുമായിട്ട് ഇന്ന് വെറും നെറികെട്ട ഒരു രാഷ്ട്രീയം കളിക്കുകയാണ് പി.ജെ. കുര്യന്‍.

ഇന്നലെ രാവിലെ 84 വയസായ എന്റെ പിതാവ് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി ഒരു പ്രസ് കോണ്‍ഫറന്‍സ് നടത്തിച്ചു. പണ്ട് ശ്രീ കരുണാകരനേയും ശ്രീ എ.കെ. ആന്റണിയേയും ശ്രീ ഉമ്മന്‍ചാണ്ടിയേയും ചതിച്ച പോലെ ഒരിക്കല്‍കൂടി ശ്രീ എ.കെ. ആന്റണിയെ ചതിക്കാനുള്ള ശ്രമമാണ് ഇന്നലെ നടത്തിയത്. എ.കെ. ആന്റണിയെ ഉള്‍പ്പെടെയുള്ളവരെ ആവശ്യമില്ലാതെ തേജോവധം ചെയ്യാന്‍ വെറുതേ അടിസ്ഥാനരഹിതമായ കുറേ കാര്യങ്ങളും പറഞ്ഞുവന്നു.

ഇന്നലെ ഞാനത് പറയാത്തത് എന്റെ മാന്യത കൊണ്ടാണ്. ഇന്ന് കുര്യന്‍ സാര്‍ നേരിട്ടിറങ്ങിയതുകൊണ്ടാണ് ഇതൊക്കെ ഇന്ന് പറയാനുള്ള ഒരു സാഹചര്യമുണ്ടായി. അതുകഴിഞ്ഞ് ഇന്ന് ഇതേപോലത്തെ കുറേ കാര്യങ്ങളും പറഞ്ഞുവരുന്നു. ഇനി മറ്റുചില കാര്യങ്ങളും കൂടി പറയാം. ഇത് അനില്‍ ആന്റണിയേയും എ.കെ. ആന്റണിയേയും ഒരുമിച്ച് ചതിക്കാന്‍ ശ്രീ പി.ജെ. കുര്യന്‍ ചെയ്യുന്ന കാര്യങ്ങളാണ്.

ഞാന്‍ ഇവര്‍ പറയുന്ന പോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പറയുന്ന വ്യക്തിയല്ല. കുര്യന്‍ സാറിന്റെ പ്രിയശിഷ്യന്‍ ശ്രീ ആന്റോ ആന്റണി പാകിസ്താനെ പോലും വെള്ളപൂശാന്‍ ശ്രമിച്ച വ്യക്തിയാണ്. അദ്ദേഹത്തെ ന്യായീകരിച്ച് മുന്‍ പ്രതിരോധമന്ത്രി രംഗത്തെത്തിയത് ശരിയായില്ല. ആന്റോ ആന്റണി നിരവധി ബാങ്കുകള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. അനില്‍ ആന്റണിയ്ക്ക് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമൊന്നുമില്ല. എനിക്കെതിരേ ലോകത്തൊരിടത്തും ഒരു കേസുമില്ല”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker