‘അനിഖ അന്ന് എനിക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്നു, എന്റെ കരിയറിൽ വന്ന ആദ്യത്തെ വിവാദം അതാണ്’; ദുൽഖർ സൽമാൻ
കൊച്ചി:പതിനഞ്ച് വർഷം കഴിഞ്ഞു അനിഖ സുരേന്ദ്രൻ സിനിമയിലെത്തിയിട്ട്. ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ മകളായി ഒന്നര വയസിൽ അരങ്ങേറിയതാണ് അനിഖ. ഏതാനും നിമിഷം മാത്രമുള്ള സീനായിരുന്നു താരം അതിൽ ചെയ്തത്.
അതിനുശേഷം അനിഖയെ കാത്തിരുന്നത് കുറേ നല്ല റോളുകളായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും പിന്നീട് അനിഖയെതേടിയെത്തി. മലയാളത്തിലും തമിഴിലുമായി പാറിനടന്ന് സിനിമകൾ ചെയ്യുന്നുണ്ട് അനിഖ.
മലയാളത്തിൽ മമ്മൂട്ടിയുടെയും നയൻതാരയുടെയും തമിഴിൽ അജിത്ത് കുമാറിന്റെയും മകളായി സിനിമകൾ ചെയ്തു അനിഖ. സിനിമയിലായിരുന്നു പിച്ചവെച്ചതും വളർന്നതുമെല്ലാം. പ്രേക്ഷകർ സ്നേഹത്തോടെ ബേബി അനിഖ എന്നുവിളിച്ചിരുന്ന താരമിപ്പോൾ നായികയായി വളർന്ന് കഴിഞ്ഞു. മലയാളവും തമിഴും കടന്ന് അനിഖ തെലുങ്കിലെത്തിയത് കഴിഞ്ഞവർഷമാണ്.
ശ്രദ്ധേയമായ രണ്ട് ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിലൊന്നിൽ ആദ്യമായി നായികയാവുകയും ചെയ്തു. മലയാള സിനിമയിലും അനിഖ നായികാവേഷത്തിൽ അരങ്ങേറിയപ്പോൾ മികച്ച സ്വീകരമാണ് ലഭിച്ചത്. ഓ മൈ ഡാർലിങ് എന്ന സിനിമയിലൂടെയാണ് അനിഖ നായികയായി മാറിയത്.
ചിത്രത്തിലെ ചില രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ വലിയ വിമർശനവും അനിഖയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുമ്പോഴും താരം വിമർശിക്കപ്പെടാറുണ്ടെങ്കിലും അനിഖ അതൊന്നും കാര്യമാക്കാറില്ല. അനിഖയുടെ ഏറ്റവും പുതിയ റിലീസ് കിങ് ഓഫ് കൊത്ത എന്ന ദുൽഖർ സൽമാൻ സിനിമയാണ്.
പത്ത് വർഷങ്ങൾക്ക് ശേഷമാണ് അനിഖ ദുൽഖറിനൊപ്പം സിനിമ ചെയ്യുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ പരസ്യത്തിൽ അനിഖയും ദുൽഖറും സഹോദരങ്ങളായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ കിങ് ഓഫ് കൊത്ത സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ അനിഖയെ കുറിച്ച് ദുൽഖർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച സമയത്തെ കുറിച്ചും ദുൽഖർ വാചാലനായി. ദുൽഖറിന്റെ സഹോദരിയായിട്ടാണ് കിങ് ഓഫ് കൊത്തയിൽ ദുൽഖർ അഭിനയിച്ചിരിക്കുന്നത്.
വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും ദുൽഖറിനൊപ്പം അഭിനയിക്കാൻ സാധിച്ചുവെന്നതിലുള്ള സന്തോഷവും അനിഖ പ്രകടിപ്പിച്ചു. ‘അനിഖ നീലാകാശം പച്ചകടൽ ചുവന്ന ഭൂമിയിൽ അനിഖ എന്റെ ബന്ധുവായാണ് അഭിനയിച്ചത്. അതുകൊണ്ട് തന്നെ ബുട്ട ബൊമ്മയിൽ അനിഖ നായികയായി അഭിനയിച്ചുവെന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല.’
അനിഖ എന്റെ മനസിൽ നീലാകാശത്തിലെ കൊച്ചുകുട്ടിയായിരുന്നു എപ്പോഴും. അതുപോലെ തന്നെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി സിനിമയുടെ പ്രമോഷൻ ഉണ്ടായിരുന്നു. ഞാനും അണിയറപ്രവർത്തകരും ഒരു ബൈക്ക് റൈഡ് നടത്തിയിരുന്നു. അനിഖ അന്ന് എന്റെ ബൈക്കിൽ മുമ്പിലിരുന്നാണ് സഞ്ചരിച്ചത്.’
‘സിനിമയുടെ പ്രമോഷനായതുകൊണ്ട് തന്നെ അന്ന് ഞാൻ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഹെൽമറ്റ് ധരിച്ചാൽ ആളുകൾക്ക് എന്റെ മുഖം കാണാൻ സാധിക്കില്ലല്ലോ. പക്ഷെ അന്ന് അത് വിവാദമായി. എന്റെ കരിയറിന്റെ തുടക്കത്തിൽ വന്നൊരു വിവാദമായിരുന്നു അതെന്നും’, ദുൽഖർ പഴയ ഓർമകൾ പങ്കുവെച്ച് പറഞ്ഞു.
ദുൽഖർ സിനിമകളിൽ ആളുകൾക്ക് എന്നും ഇഷ്ടമുള്ള സിനിമയാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. വഫ മോൾ എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിച്ചത്. അതേസമയം കിങ് ഓഫ് കൊത്തക്ക് ലഭിക്കുന്ന ഹൈപ്പ് തന്നെ പേടിപ്പെടുത്തുന്നുവെന്നാണ് ദുൽഖർ പറയുന്നത്.
ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ റിലീസ് ആയത് മുതൽ ഉണ്ടായ ഹൈപ്പ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്ന ആരും പ്രതീക്ഷിച്ചതല്ലെന്നും എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഈ ഹൈപ്പ് തന്നെ പേടിപ്പെടുത്തുന്നതാണെന്നും ദുൽഖർ പറയുന്നു. കിങ് ഓഫ് കൊത്തയുടെ റിലീസിന് മുമ്പായി കൊച്ചിയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരോടൊപ്പം മാധ്യമങ്ങളെ കണ്ട് സംസാരിച്ചപ്പോഴാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.