സ്മാർട്ട്ഫോണുകൾ മാൽവെയർ ആക്രമണങ്ങൾ നേരിടുന്നത് പുതിയകാര്യമൊന്നുമല്ല. ആളുകളെ ടാർഗെറ്റുചെയ്യാനും അവരുടെ ഡാറ്റയും പണവും മോഷ്ടിക്കാനും ഹാക്കർമാർ പുതിയ വഴികൾ പരീക്ഷിക്കുന്നതിനാൽ, പുതിയ മാൽവെയറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടിയ്ക്കടി പുറത്തുവന്നുകൊണ്ടിരിക്കുന്നു. വിശ്വസനീയമായ വഴികളിലൂടെ ആളുകളുടെ ഫോണകളിൽ എത്തിച്ചേരുന്ന ഇത്തരം മാൽവെയറുകൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് വൻ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്.
മാൽവെയർ സൃഷ്ടിക്കുന്ന അപകടം കണക്കിലെടുത്ത് സുരക്ഷാ ഗവേഷകർ ശക്തമായ പരിശോധനകൾ എപ്പോഴും നടത്താറുണ്ട്. അങ്ങനെ നടത്തിയ പരിശോധനയിൽ ഒരു മാൽവെയറിനെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇതിൽ ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമായിരുന്ന നൂറിലേറെ ആപ്പുകളിൽ ഈ മാൽവെയർ ഉണ്ടായിരുന്നു എന്നതാണ്.
ഡോ. വെബിലെ സുരക്ഷാ ഗവേഷകർ, ബ്ലീപ്പിംഗ് കമ്പ്യൂട്ടറുമായി സഹകരിച്ചാണ് ‘SpinOK’ എന്ന ഈ പുതിയ സ്പൈവെയർ കണ്ടെത്തിയിരിക്കുന്നത്. പ്ലേ സ്റ്റോറിൽ ലഭ്യമായ നൂറിലേറെ ആപ്പുകളിൽ സ്പിൻഓക്കെയുടെ സാന്നിധ്യം ഉണ്ടെന്ന് ഗവേഷകർ പറയുന്നു. ഏതാണ്ട് 400 ദശലക്ഷത്തിലധികം ആളുകൾ ഈ മാൽവെയർ അടങ്ങിയ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു.
ദിവസേന റിവാർഡുകൾ നൽകുന്ന മിനിഗെയിമുകളുടെയും മറ്റും രൂപത്തിലാണ് ഈ മാൽവെയർ പലപ്പോഴും ഒളിച്ചിരിക്കുന്നത്. ഒരിക്കൽ ഫോണിലെത്തിയാൽ ഉപയോക്താക്കളുടെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ഡാറ്റ മോഷ്ടിക്കാനും വിദൂര സെർവറിലേക്ക് കൈമാറാനും ‘SpinOK’ എന്ന ഈ പുതിയ സ്പൈവെയറിന് ശേഷിയുണ്ട് എന്നാണ് സുരക്ഷാ ഗവേഷകരുടെ കണ്ടെത്തൽ.
പുറമേയ്ക്ക് നോക്കിയാൽ മിനി-ഗെയിമുകൾ, ടാസ്‌ക്കുകൾ, പ്രൈസുകൾ, റിവാർഡ് ഡ്രോയിംഗുകൾ എന്നിവയിലൂടെ ആപ്പുകളിൽ ഉപയോക്താക്കളുടെ താൽപ്പര്യം നിലനിർത്തുന്നരീതിയിലാണ് SpinOk മൊഡ്യൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ഡോക്ടർ വെബ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സ്പിൻഓക്കെയെക്കുറിച്ച് ഗൂഗിളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, മുൻകരുതലുകൾ എടുക്കാനും അത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഗവേഷകർ നിർദേശിക്കുന്നു.
Android.Spy.SpinOk ട്രോജൻ SDK ബാധിച്ച 101 ആപ്പുകളുടെ പേരും ഡോ. വെബ് റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആപ്പുകൾ 421,290,300 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽത്തന്നെ വലിയൊരു വിഭാഗം ആൻഡ്രോയിഡ് ഉപയോക്താക്കൾ ഇപ്പോൾ സുരക്ഷാഭീഷണി നേരിടുന്നതായും ഈ ആപ്പുകൾ ഉടൻ നീക്കം ചെയ്യണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
സ്പിൻഓക്കെ മാൽവെയർ ബാധിച്ച ആപ്പുകളിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട 10 ആപ്പുകളുടെ പട്ടിക ഇതാ: Noizz (വീഡിയോ എഡിറ്റർ 100,000,000 ഇൻസ്റ്റാളേഷനുകൾ), Zapya (ഫയൽ ഷെയറിങ്, 100,000,000 അധികം ഡൗൺലോഡ്), VFly (വീഡിയോ എഡിറ്ററും വീഡിയോ മേക്കറും, കുറഞ്ഞത് 50,000,000 ഡൗൺലോഡ്), MVBit (വീഡിയോ സ്റ്റാറ്റസ് മേക്കർ, 50,000,000+ ഡൗൺലോഡ്).
Biugo( വീഡിയോ മേക്കർ & വീഡിയോ എഡിറ്റർ, കുറഞ്ഞത് 50,000,000+ ഇൻസ്റ്റാളേഷനുകൾ), Crazy Drop (10,000,000 +ഇൻസ്റ്റാളേഷനുകൾ), Cashzine (ക്യാഷ് റിവാർഡ്, 10,000,000+ ഇൻസ്റ്റാളേഷനുകൾ), Fizzo Novel (ഓഫ്‌ലൈൻ റീഡിങ്, 10,000,000+ ഇൻസ്റ്റാളേഷൻ), CashEM ( റിവാർഡ്, 5,000,000+ ഡൗൺലോഡ്), Tick (5,000,000+ ഡൗൺലോഡ്).
ഈ മാൽവെയർ സംബന്ധിച്ച വിവരങ്ങൾ ഗവേഷകർ ഗൂഗിളിൽ റിപ്പോർട്ട് ചെയ്യുകയും ഗൂഗിൾ ഇവ പ്ലേ സ്റ്റോറിൽനിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇതിനോടകം നിരവധി പേർ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. അവർ ഈ ആപ്പുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ഗൂഗിൾ നിർദേശിക്കുന്നു.
കൂടാതെ ഈ ആപ്പുകൾ ഇപ്പോഴും ആപ്പ് സ്റ്റോറിൽ കാണാൻ കഴിയുന്നുണ്ടെങ്കിൽ ഗൂഗിൾ പ്ലേ അപ്ഡേറ്റ് ചെയ്യാനും ഗൂഗിൾ നിർദേശിക്കുന്നു. കൂടാതെ ഇത്തരം മാൽവെയറുകളെ പ്രതിരോധിക്കാനായി ആന്റിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിക്കാനും ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഫോണിൽ ഉറപ്പാക്കാനും വിദഗ്ധർ നിർദേശിക്കുന്നു. കാരണം ഈ അപ്‌ഡേറ്റുകളിൽ ബഗ് പരിഹരിക്കലുകളും മെച്ചപ്പെട്ട സുരക്ഷയും ഉൾപ്പെടുന്നു.