‘മകൾ ജൂലിയേറ്റ ഞങ്ങളെ വിട്ടുപോയി’; ഹൃദയ ഭേദകമായ വാർത്ത പങ്കുവച്ച് അഡ്രിയൻ ലൂണ
ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഹൃദയഭേദകമായ വാർത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ യുറഗ്വായ് മുന്നേറ്റനിര താരം അഡ്രിയൻ ലൂണ. തന്റെ 6 വയസ്സുകാരിയായ മകള്‍ ജൂലിയേറ്റയുടെ വേർപാടിനെക്കുറിച്ചാണു താരത്തിന്റെ വെളിപ്പെടുത്തൽ. ഇന്നു പുലർച്ചെ ലൂണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പു ചുവടെ,
‘കടുത്ത വേദനയോടെയാണു ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഈ വർഷം ഏപ്രിൽ 9ന് എന്റെ മകൾ ജൂലിയെറ്റ (6 വയസ്സ്) ഞങ്ങളെ വിട്ടുപിരിഞ്ഞ കാര്യം എല്ലാവരെയും അറിയിക്കട്ടെ. അവളുടെ വേർപാട് എനിക്കും കുടുംബത്തിനും ഉണ്ടാക്കിയ വേദനയ്ക്കു സീമകളില്ല, അത് ഒരിക്കലും മായ്ക്കാനാകുകയുമില്ല.
ജീവിതത്തിൽ ഏറെ സ്നേഹവും കരുതലും സൂക്ഷിച്ച, ഏറെ കുലീനയായ ഒരു പെൺകുട്ടിയുടെ ഏറ്റലും നല്ല ഉദാഹരണമായിരുന്നു അവൾ. വേദനകൾക്കിടെയും അവളുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു, അല്ലെങ്കിൽ നിങ്ങള്‍ക്ക് ഒട്ടെറെ ദിവസങ്ങളിൽ ഊഷ്മളതയേകാൻ പോന്ന ‘ഐ ലവ് യൂ’ എന്ന വാചകമാകും അവൾ സമ്മാനിക്കുക.
ജൂലിയേറ്റ, ഈ ചുരുങ്ങിയ നാളുകൾക്കിടെ നിന്നോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറയാൻ എന്റെ ജീവിതംതന്നെ പോരാതെ വരും. മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കണം, ഏറ്റവും കടുത്ത ഭീതിക്കെതിരെ പോരാടേണ്ടത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ നീയാണ് എന്നെ പഠിപ്പിച്ചത്.
സംശയമില്ലാതെ പറയാം, ജീവിതം എത്ര പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നതെങ്കിലും തോറ്റു പിന്മാറരുത് എന്നതാണ് നീ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. ഈ നശിച്ച സിസ്റ്റിക് ഫൈബ്രോസിസ് രോഗത്തിനെതിരെ അവസാന ശ്വാസംവരെ നീ പോരാടി. എന്നെ, വിശ്വസിക്കണം, ഇക്കാര്യം ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല.’
ശ്വാസകോശത്തെയും മറ്റു ആന്തരികാവയങ്ങളുടെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിക്കുന്ന രോഗമാണു ‘സിസ്റ്റിക് ഫൈബ്രോസിസ്.
ഇൻസ്റ്റഗ്രാം കുറിപ്പിനു പിന്നാലെ അനുശോചന സന്ദേശങ്ങളുമായി ഒട്ടേറെ ആരാധകരാണ് ലൂണയ്ക്ക് ഒപ്പം നിൽക്കുന്നത്. ‘മകൾ ജൂലിയേറ്റയുടെ മരണത്തിൽ ഹൃദയത്തിൽതട്ടിയുള്ള അനുശോചനം ലൂണയെ അറിയിക്കുന്നു. ഈ നഷ്ടവുമായി പൊരുത്തപ്പെടാനുള്ള സ്നേഹവും കരുത്തും അഡ്രിയനും കുടുംബത്തിനും നൽകുന്നു’– ഔദ്യോഗിക ഹാൻഡിലിൽനിന്നു കേരള ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തു. 2021ലാണു ലൂണയുമായി ബ്ലാസ്റ്റേഴ്സ് കറാറിലെത്തുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശത്തിൽ ഏറ്റവും നിർണായകമായ പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാളാണു ലൂണ.