നല്ലിടയന്‍ യേശുവിനെ ചിത്രീകരിച്ച പുരാതന മോതിരം കണ്ടെത്തി
ജറുസലേം: യേശുവിനെ ഇടയനായി ചിത്രീകരിക്കുന്ന മോതിരം ഇസ്രേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പുരാതന കപ്പല്‍ച്ചേതാവശിഷ്ടങ്ങളില്‍ നിന്നാണ് ആട്ടിന്‍കുട്ടിയെ തോളില്‍ ചുമക്കുന്ന ആട്ടിടയന്‍ ബാലന്റെ രൂപം കൊത്തിയ പച്ചക്കല്ലു പതിപ്പിച്ച സ്വര്‍ണമോതിരം കണ്ടെടുത്തത്. ബൈബിളില്‍ യോഹന്നാന്റെ സുവിശേഷത്തില്‍ യേശുവിനെ നല്ലിടയനായി വിശേഷിപ്പിക്കുന്നുണ്ട്.
പുരാതന സീസേറിയാ തുറമുഖത്തിനടുത്ത് കടലില്‍ നിന്നാണ് മോതിരം ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ കണ്ടെത്തിയത്. മൂന്നാം നൂറ്റാണ്ടിലെ വെള്ളി, വെങ്കല റോമന്‍ നാണയങ്ങള്‍, പതിനാലാം നൂറ്റാണ്ടില്‍ മംലൂക്ക് കാലഘട്ടത്തിലെ വെള്ളി നാണയങ്ങളുടെ ഒരു വലിയ ശേഖരവും ഇവയിലുണ്ട്.
ഒരു കഴുകന്റെ രൂപത്തിലുള്ള റോമന്‍ കാലഘട്ടത്തിലെ പ്രതിമകളും കോമിക് മാസ്‌കും ദുഷ്ടാത്മാക്കളെ അകറ്റാന്‍ ഉദ്ദേശിച്ചുള്ള വെങ്കല മണികള്‍, കിന്നരം കൊത്തിയ ചുവന്ന രത്‌നക്കല്ലുള്ള മോതിരവും കണ്ടെത്തി. തുറമുഖത്തിനടുത്ത് നങ്കൂരമിട്ട കപ്പലുകള്‍ കൊടുങ്കാറ്റിലാകും തകര്‍ന്നതെന്ന് ഇസ്രായേല്‍ ആന്റിക്വി റ്റീസ് അഥോറിറ്റി പറഞ്ഞു. പത്രോസ് കോര്‍ണോലിയസിനെ മാമോദീസ മുക്കിയതായി ബൈബിളില്‍ പറയുന്ന സ്ഥലമാണ് സീസേറിയ.