Home-bannerRECENT POSTSTop Stories

കൊല്ലത്ത് ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതി രാജേഷിന് 26 വര്‍ഷം തടവ്,മൂന്നു ലക്ഷം രൂപ പിഴ

കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ. പ്രതി രാജേഷ് 26 വര്‍ഷം പ്രത്യേക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹീനമായ കുറ്റകൃത്യമാണ് കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ രാജേഷ് നടത്തിയതെന്ന് നിരീക്ഷിച്ച കോടതി 3,20,000 രൂപ പിഴ ശിക്ഷയും വിധിച്ചു. രാജേഷിന്റെ പ്രായം കണക്കിലെടുത്താണ് വധ ശിക്ഷ ഒഴിവാക്കുന്നതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. കൊല്ലം പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 376 (ബലാത്സംഗം), 377 സി. (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകല്‍), 297 (മൃതദേഹത്തോട് അനാദരവ് കാണിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരവും പോക്സോ നിയമത്തിലെ മൂന്നുമുതല്‍ ആറുവരെ വകുപ്പുകള്‍ അനുസരിച്ചും ഉള്ള ശിക്ഷയാണ് വിധിച്ചത്.

2017 സെപ്റ്റംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം. രാവിലെ അമ്മൂമ്മയോടൊപ്പം ഏരൂര്‍ ഗവ. എല്‍.പി.സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ, താന്‍ സ്‌കൂളില്‍ വിടാമെന്നുപറഞ്ഞ് പ്രതി കൂട്ടിക്കൊണ്ടുപോയി. മറ്റൊരു വഴിയിലൂടെ കുട്ടിയെ ഏരൂര്‍ ജങ്ഷനിലെത്തിച്ചു.

അവിടെനിന്ന് ബസില്‍ ചന്ദനക്കാവിലും പിന്നീട് വടക്കേചെറുകര റിസര്‍വ് വനത്തിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയുമായി ബസില്‍ കയറിയ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും സിം കാര്‍ഡ് നശിപ്പിക്കുകയും ചെയ്തു.

കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഏരൂരിലെ ഒരു കടയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞത് പോലീസ് കണ്ടെടുത്തിരുന്നു. ഏരൂരില്‍നിന്ന് കുളംകുന്ന് റിസര്‍വ് വനത്തില്‍വരെ പ്രതി കുട്ടിയുമായി പോകുന്നത് കണ്ടവരുമുണ്ടായിരുന്നു.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. പിറ്റേദിവസം കുട്ടിയുടെ മൃതദേഹം വനത്തിനുസമീപം ആര്‍.പി.എല്‍. എസ്റ്റേറ്റില്‍നിന്ന് കണ്ടെത്തി. അന്നുരാവിലെ വനമേഖലയ്ക്കുസമീപം കണ്ട പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.

മൃതദേഹപരിശോധനയില്‍ കുട്ടിയെ ലൈംഗികമായ പീഡിപ്പിച്ചതായി കണ്ടെത്തി. മരിച്ചശേഷവും കുട്ടിയുടെ ശരീരത്തില്‍ പ്രതി ലൈംഗിക അതിക്രമം കാട്ടിയതായും കണ്ടെത്തി. കുട്ടിയുടെ നഖത്തില്‍ പ്രതിയുടെ ത്വക്കിന്റെയും വസ്ത്രത്തിന്റെയും ഭാഗങ്ങള്‍ പറ്റിപ്പിടിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 34 സാക്ഷികളെ വിസ്തരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker