ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്ന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. സൈന്യവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അനന്ത്‌നാഗ് ജില്ലയിലെ അഹ്‌ലൻ ഗഡോളിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മേഖലയിൽ രണ്ട് ഭീകരർ കുടുങ്ങിയതായാണ് സൂചന. ഇതോടെ സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
കോക്കർനാഗ് സബ്‌സിവിഷനിലെ വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ പട്രോളിംഗ് സംഘത്തെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിലാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്. വിദേശികളെന്ന് കരുതുന്ന ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് ഇവിടെയെത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കൊക്കർനാഗിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നത്തെ സംഭവം. 2023 സെപ്റ്റംബറിൽ, കോക്കർനാഗ് വനത്തിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഒരു കമാൻഡിംഗ് ഓഫീസറും ഒരു മേജറും ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഉൾപ്പെട്ടിരുന്നു.
പിന്നീട് ഇപ്പോഴാണ് മേഖലയിൽ വലിയ രീതിയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തുന്നത്. അഹ്‌ലാൻ ഗഡോൾ വനങ്ങളിൽ ഒളിച്ചിരിക്കുന്നതായി കരുതുന്ന ഭീകരരെ കണ്ടെത്താൻ പ്രദേശത്ത് കൂടുതൽ സേനയെത്തി. വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ആയുധധാരികളായ ഒരു കൂട്ടം ഭീകരരുമായി സംയുക്ത സുരക്ഷാ സേന ഇപ്പോൾ ഏറ്റുമുട്ടൽ നടത്തി കൊണ്ടിരിക്കുകയാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
ഏകദേശം രണ്ടാഴ്‌ച മുമ്പ്, കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തിയെങ്കിലും ഒരു സൈനികൻ മരിക്കുകയും ഒരു മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അതിന് ദിവസങ്ങൾക്ക് മുമ്പ്, ദോഡ ജില്ലയിൽ വലിയ രീതിയിൽ ആയുധധാരികളായ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ പിന്തുണയുള്ള പ്രമുഖ ഭീകര സംഘടനയായ ജെയ്‌ഷെ ഇഎമ്മിന്റെ നിഴൽ ഗ്രൂപ്പായ 'കശ്‌മീർ ടൈഗേഴ്‌സ്' ആണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്.