രേണുകയെ ഞെരിച്ച് കൊന്നതിന് പിന്നാലെ ഏയ്ഞ്ചലയും മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം: രേണുകയെ ഞെരിച്ചു കൊന്ന അനാക്കോണ്ട ഏയ്ഞ്ചലയും മരണത്തിന് മുന്നില്‍ കീഴടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃഗശാലയിലെ ഏറ്റവും ഭാരം കൂടിയ അനാക്കോണ്ടയായ എയ്ഞ്ചല യാത്രയായത്. വന്‍കുടലിലെ കാന്‍സര്‍ ബാധയാണ് മരണ കാരണമെന്നാണ് മൃഗ ഡോക്ടര്‍മാരുടെ നിഗമനം. വന്‍കുടലില്‍ കാന്‍സര്‍ എന്ന് തോന്നുന്ന മുഴയുണ്ടായിരുന്നു. രേണുകയുമായുള്ള മല്‍പ്പിടുത്തത്തില്‍ മുഴയില്‍നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുള്ള അണുബാധയാണ് മരണകാരണമെന്ന് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എയ്ഞ്ചലയുമായി കെട്ടിപ്പിണഞ്ഞ് കളിക്കുന്നതിനിടെ കൂട്ടത്തിലെ രേണുകയെന്ന അനാക്കോണ്ട ശ്വാസംമുട്ടി നേരത്തെ ചത്തിരുന്നു. ഇതിനുശേഷം കൂട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എയ്ഞ്ചല പുലര്‍ച്ചെ മൂന്നോടെ വെള്ളത്തില്‍നിന്ന് കരയില്‍ കയറിയതായി കണ്ടെത്തി.
കൂടുതല്‍ വ്യക്തതയ്ക്കായി സാമ്പിളുകള്‍ പഠിക്കുകയാണെന്ന് മ്യൂസിയം ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.ഒമ്പതുവയസ്സുകാരിയായ എയ്ഞ്ചലയ്ക്ക് 3.6 മീറ്റര്‍ നീളവും 50 കിലോ തൂക്കവുമുണ്ടായിരുന്നു.