ന്യൂഡല്‍ഹി: മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശി വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍.കെ. ഷരിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി സൈനികര്‍. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആരും ജീവനോടെയില്ലെന്നും വ്യോമസേന അറിയിച്ചു.
മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കാണാതായി എട്ട് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്ത് നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്. ജൂണ്‍ മൂന്നിനാണ് വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.