കീവ്:യുക്രയ്നുമായി യുദ്ധം നടക്കുന്നതിനിടെ റഷ്യൻ വ്യോമസേനയുടെ എഎൻ-26 സൈനിക ഗതാഗത വിമാനം വ്യാഴാഴ്ച സെൻട്രൽ റഷ്യയിലെ വൊറോനെഷ് മേഖലയിൽ തകർന്നുവീണു. വിമാനത്തിലെ ജീവനക്കാർ മരിച്ചുവെന്ന് റഷ്യയുടെ വെസ്റ്റേൺ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ പ്രസ് സർവീസ് അറിയിച്ചു.
ഫെബ്രുവരി 24 ന് വോറോനെഷ് മേഖലയിലാണ് ദുരന്തം സംഭവിച്ചത്. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം തകർന്നതെന്ന് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. സൈനികർക്ക് ചരക്ക് കടത്താൻ ഷെഡ്യൂൾ ചെയ്തതായിരുന്നു വിമാനം. അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കാൻ വ്യോമസേന ഒരു കമ്മിഷനെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
എഎൻ-26 എന്ന വിമാനം 1960-കളിൽ ഒകെബി-156 (പിന്നീട് അന്റോനോവ് ഡിസൈൻ ബ്യൂറോ) രൂപകൽപന ചെയ്തതാണ്. എഎൻ-24 ജെറ്റിന്റെ പരിഷ്കരിച്ച പതിപ്പ് കൂടിയാണിത്. 1969 മെയ് 21 നാണ് എഎൻ–26 ആദ്യ പറക്കൽ നടത്തിയത്. 1975 മെയ് 26 ന് സർവീസിൽ പ്രവേശിച്ചു.
1969 നും 1986 നും ഇടയിൽ കിയെവിലെയും ഉലാൻ-ഉഡെയിലെയും വ്യോമയാന പ്ലാന്റുകളിൽ വിമാനം നിർമിച്ചു. ഇത്തരത്തിലുള്ള മൊത്തം 1,398 വിമാനങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവയിൽ നൂറുകണക്കിന് എഎൻ–26 വിമാനങ്ങൾ ഇപ്പോഴും സേവനത്തിൽ തുടരുന്നു.