EntertainmentHome-bannerRECENT POSTS

ഭരണ ഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങളേത്തുടര്‍ന്ന് അമ്മ യോഗത്തില്‍ പൊട്ടിത്തെറി,എതിര്‍പ്പുയര്‍ന്നതോടെ ഭേദഗതി മരവിപ്പിച്ചു,രാജിവെച്ചവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്ന് മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് നടി രേവതി.ഭാരവാഹികള്‍ക്കെതിരായി അഭിപ്രായം തുറന്നു പറയുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിയ്ക്കുന്നതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയ്‌ക്കെതിരായാണ് രേവതി വിമര്‍ശനം ഉന്നയിച്ചത്. നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ പുറത്താക്കുന്ന നടപടിയാണ് നേതൃത്വത്തിന്റേതെന്ന് രേവതി കുറ്റപ്പെടുത്തി.യോഗത്തില്‍ പങ്കെടുത്ത നടി പാര്‍വ്വതി തിരുവോത്ത്‌,നടന്‍മാരായ ഷമ്മി തിലകന്‍,ജോയ് മാത്യു എന്നിവരും രേവതിയെ പിന്തുണച്ചു.
പുതിയ ഭേദഗതി പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്നുപേരിലേക്ക് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം പരിമിതപ്പെടുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും നടി പത്മപ്രിയ അമ്മ നേതൃത്വത്തെ കത്തുവഴി അറിയിച്ചിരുന്നു. ബൈലോ തയ്യാറാക്കിയ സബ് കമ്മിറ്റി ആരാണെന്ന് പരസ്യപ്പെടുത്തണമെന്നും സബ്കമ്മിറ്റി ഉണ്ടായിരുന്നോ എന്നു വ്യക്തമാക്കണമെന്നും പദ്മപ്രിയ ആവശ്യപ്പെട്ടു.
ഭേദഗതിയില്‍ പ്രതിഷേധിച്ച് നടിമാരും ഡബ്ലു.സി.സി അംഗങ്ങളുമായ രേവതിയും പാര്‍വതിയും യോഗ ഹാള്‍ വിട്ടിരുന്നു.

അതേ സമയം രേവതിയടക്കമുള്ളവര്‍ എതിര്‍പ്പറിയിച്ചതിനേത്തുടര്‍ന്ന് ഭരണഘടന ഭേദഗതി ചെയ്യുന്നതു മരവിപ്പിച്ചു. സംഘടനയിലെ അംഗങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതുവരെയാണ് ഇത്.
യോഗത്തില്‍ ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ലെന്നും മാറ്റങ്ങളാണു പറഞ്ഞതെന്നും യോഗത്തിനുശേഷം സംഘടന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍വതിയും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെ ഭേദഗതികള്‍ വേണമെന്ന കാര്യം ആരും വ്യക്തമാക്കിയിട്ടില്ലെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

‘സ്ത്രീകള്‍ക്കു ന്യായമായ സംവരണം എന്നത് ചാരിറ്റി സംഘടനകള്‍ പോലും ചെയ്യാറില്ല. പക്ഷേ ഞങ്ങള്‍ വിശാലമായ കാഴ്ചപ്പാടോടെ അതവതരിപ്പിച്ചു. മമ്മൂട്ടിയടക്കം ചില ആശയങ്ങള്‍ മുന്നോട്ടുവെച്ചു.’- കെ.ബി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

സംഘടനയില്‍ നിന്നു രാജിവെച്ചവര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കും. എന്നാല്‍ അവര്‍ ഇതുവരെ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്‍കിയാല്‍ സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തിരിച്ചെത്തുന്നവരുടെ പക്കല്‍നിന്ന് അംഗത്വഫീസ് പോലും വാങ്ങിക്കരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ജഗദീഷ് അറിയിച്ചു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയുണ്ടായിട്ടില്ല. അതിനു നടപടിക്രമങ്ങളുണ്ട്. അവര്‍ക്കു വീണ്ടും വരാന്‍ കഴിയും. അവരെ ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവര്‍ വരുന്നില്ലെന്നാണ് പറഞ്ഞതെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്.- മോഹന്‍ലാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker