മോസ്‌കോ: യുക്രൈനില്‍ റഷ്യയുടെ ആക്രമണം ശക്തമായിരിക്കെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ യുക്രൈന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. രണ്ട് അമേരിക്കന്‍ യുദ്ധ വിമാനത്തെ യുക്രൈന്‍ അതിര്‍ത്തിയില്‍ കണ്ടതായാണ് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. യുദ്ധം തെരഞ്ഞെടുത്തത് റഷ്യയാണ്. ഈ നടപടി റഷ്യയെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
റഷ്യന്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെതായി യുക്രൈന്‍. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒമ്പതു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ ആക്രമണത്തില്‍ യുക്രൈന്‍ സൈനികര്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി നഗരങ്ങള്‍ ആക്രമിക്കപ്പെട്ടതായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കി.
പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ക്രിമിയ, ബെലാറസ് എന്നീ മേഖലകളില്‍ നിന്നും കരിങ്കടല്‍ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുന്നു. നൂറോളം പേര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായി. കാര്‍ഖിവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യന്‍ മിസൈലാക്രമണം ഉണ്ടായി.വ്യോമാക്രമണത്തില്‍ കിര്‍ഖിവിലെ അപ്പാര്‍ട്ട്മെന്റിന് നാശമുണ്ടായിട്ടുണ്ട്. ആളപായം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കീവ് ബോറിസ്പില്‍, നിക്കോളേവ്, ക്രാമാറ്റോര്‍സ്‌ക്, ഖെര്‍സോന്‍ വിമാനത്താവളങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു.
കാര്‍ഖിവിലെ മിലിറ്ററി എയര്‍പോര്‍ട്ടിനും മിസൈലാക്രമണത്തില്‍ കനത്ത നാശം നേരിട്ടു. ഇവാനോ-ഫ്രാങ്കിവ്സ്‌ക് വിമാനത്താവളത്തിലും റഷ്യന്‍ മിസൈല്‍ പതിച്ചു.യുക്രൈന്റെ കിഴക്കന്‍ മേഖലകളിലെ രണ്ടു പ്രദേശങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. റഷ്യക്കൊപ്പം വിമതരും യുക്രൈന്‍ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലുഹാന്‍സ്‌ക് പട്ടണത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്കകം യുക്രെയ്നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
റഷ്യന്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ജനങ്ങള്‍ യുക്രൈനിലെ ഭൂഗര്‍ഭ മെട്രോയില്‍ അഭയം പ്രാപിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് യുക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വിമാനത്താവളത്തിന് സമീപം വെടിവെപ്പും സ്ഫോടനങ്ങളുമുണ്ടായി. വിമാനത്താവളം റഷ്യന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് സൂചന.റഷ്യന്‍ വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. അഞ്ച് റഷ്യന്‍ ജെറ്റുകളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായാണ് വിവരം.
ലുഹാന്‍സ്‌ക് മേഖലയിലാണ് വിമാനങ്ങള്‍ വെടിവെച്ചിട്ടത്. എന്നാല്‍ യുക്രൈന്റെ അവകാശവാദം റഷ്യ നിഷേധിച്ചിട്ടുണ്ട്.യുക്രൈനിലേക്ക് കര മാര്‍ഗം റഷ്യയില്‍ നിന്ന് പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാര്‍കിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ കരമാര്‍ഗവും ഈ നഗരങ്ങളിലേക്ക് റഷ്യന്‍ സൈന്യം പ്രവേശിച്ചു. ഖാര്‍കിവ് നഗരത്തിന്റെ അതിര്‍ത്തി വഴിയും സൈന്യം കടന്നു. ഒഡേസ തുറമുഖത്ത് റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങി.അതേസമയം മാനുഷികത പരിഗണിച്ച് എത്രയും വേഗം റഷ്യ യുക്രൈനില്‍ നിന്നും പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
യുക്രൈനിലേത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തില്‍ പരിഹാരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈനിലെ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.