കൊവിഡിനെ തുരത്താന്‍ പുതിയ പരീക്ഷണവുമായി അമേരിക്ക; രോഗം ഭേദമായവരുടെ രക്തം രോഗബാധിര്‍ക്ക് നല്‍കും
ന്യൂയോര്‍ക്ക്: കൊവിഡ് വൈറസിനെ ചെറുക്കാന്‍ ലോക രാജ്യങ്ങളെല്ലാം വിവിധങ്ങളായ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍ണായകമായ ചികിത്സാസമ്പ്രദായം പരീക്ഷിക്കാനൊരുങ്ങി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്ക. രോഗം ഭേദമായ ആളുകളില്‍ നിന്നുള്ള രക്തം ശേഖരിച്ച് രോഗബാധിതര്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ആശുപത്രികള്‍.
ആധുനിക വാക്സിനുകള്‍ കണ്ടെത്തുന്നതിനു മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന കണ്‍വെന്‍ഷന്‍ പ്ലാസ്മ എന്ന സമ്പ്രദായമാണിത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഇവര്‍. രോഗം ഭേദമായ അവരില്‍ നിന്നുമുള്ള പ്ലാസ്മ രോഗികള്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
2002 സാര്‍സ് വൈറസിനെതിരെ ചൈനയില്‍ ഈ രീതി ഫലപ്രദമായി ഉപയോഗിച്ചതാണ്. കൊറോണ ലോകത്താകമാനം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഏത് ചികിത്സാ രീതി അവലംബിക്കാനും ഡോക്ടര്‍മാരെ അനുവദിക്കുന്ന അടിയന്തര പ്രോട്ടോകോളിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി രോഗവിമുക്തി നേടിയവരില്‍ നിന്നുള്ള പ്ലാസ്മ ശേഖരിച്ച് മരുന്നായി രോഗം ബാധിക്കാനിടയുള്ളവര്‍ക്ക് വാക്സിന്‍ രൂപത്തില്‍ നല്‍കാനാണ് ഒരുങ്ങുന്നത്.
നമ്മുടെ ശരീരത്തില്‍ വൈറസ് ബാധ ഉണ്ടായാല്‍ ശരീരം അതിനെ ചെറുക്കാന്‍ ആന്റി ബോര്‍ഡി ഉല്‍പാദിപ്പിക്കും. രോഗം ഭേദപ്പെട്ടു കഴിഞ്ഞാലും ഈ ആന്റിബോഡി അയാളുടെ രക്തത്തില്‍ കുറെ നാളേക്ക് നിലനില്‍ക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് രോഗം ഭേദമായവരില്‍ നിന്നുള്ള രക്തം രോഗം ബാധിക്കാനിടയുള്ളവര്‍ക്ക് നല്‍കുന്നത്. അനുമതി ലഭിച്ചാല്‍ ആശുപത്രി ജീവനക്കാര്‍ക്കും രോഗികളുമായി അടുത്തിടപഴകുന്ന വര്‍ക്കും ആദ്യം ഈ ആന്റിബോഡി ഉള്ള പ്ലാസ്മ നല്‍കി പരീക്ഷിക്കാനാണ് തീരുമാനം.