ആത്മഹത്യാ ഭീഷണി മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; ആ ദേഷ്യത്തിലാണ് രാഖിയെ കൊന്നതെന്ന് മുഖ്യപ്രതി അഖില്‍
തിരുവനന്തപുരം: നിരന്തരം ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിനൊടുവിലാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് അമ്പൂരി കൊലക്കേസ് പ്രതി അഖില്‍. രാഖി വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. കല്യാണം കഴിക്കണമെന്ന് രാഖി വാശിപിടിച്ചിരുന്നുവെന്നും അഖില്‍ പോലീസിനോട് പറഞ്ഞു.
രാഖിയെ കൊലപ്പെടുത്തിയ ശേഷം കശ്മീരിലേക്കാണ് പോയെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നും കുഴിയെടുക്കാന്‍ സഹായിച്ചത് മാത്രമേ ഉള്ളൂവെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. അഖിലിന്റെ അച്ഛനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് രാഖിയുടെ കുടുംബവും അയല്‍വാസികളും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും അന്വേഷണം നടത്തും.
തെളിവ് നശിപ്പിക്കാനായി രാഖിയുടെ വസ്ത്രങ്ങളും ബാഗുകളും പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്നും അഖില്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം അഖില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. കാറില്‍വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ചു കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയതായും അഖില്‍ പൊലീസിനോടു പറഞ്ഞു.