തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരായിരുന്നുവെന്നും നാലുമാസത്തോളം ഒരുമിച്ച് താമസിച്ചിരുന്നതായും പോലീസ്. കഴിഞ്ഞ ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചായിരിന്നു ഇരുവരുടേയും വിവാഹം. പിന്നീട് നാലുമാസത്തോളം ഒരുമിച്ച് താമസിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ഇതിനിടയിലാണ് അഖിലിന് വീട്ടുകാര്‍ തിരുവനന്തപുരം സ്വദേശിയായ ഒരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചത്.
രാഖി ഇത് എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഖിലിന് വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി രാഖി വിവാഹം മുടക്കാന്‍ നോക്കിയത് അഖിലിനെ ചൊടിപ്പിച്ചു. ഇത് ഇവരുടെ ബന്ധം കൂടുതല്‍ വഷളാക്കിയെന്നും പോലീസ് പറയുന്നു. കേസിലെ മൂന്നാം പ്രതിയായ ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കൊച്ചിയില്‍ നിന്ന് വീട്ടിലെത്തിയ രാഖിയെ അഖില്‍ അമ്പൂരിയിലെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. വീടുകാണിക്കാന്‍ രാഖിയെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റിയതിന് ശേഷമായിരുന്നു കൊലപാതകം നടത്തിയത്. അഖിലിന്റെ സഹോദരന്‍ രാഹുല്‍ ആദ്യം രാഖിയെ കഴുത്ത് ഞെരിച്ചു ബോധം കെടുത്തി. പിന്നീട് അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.