യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്; അമലാ പോളിന്റെ പോസ്റ്റ് വിവാദത്തില്‍
ചെന്നൈ: ഹത്രാസിലെ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നടി അമലാ പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വിവാദത്തില്‍. യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെയും പോലീസിനെയും ന്യായീകരിച്ച് കൊണ്ടാണ് അമലയുടെ പോസ്റ്റെന്നാണ് ഉയരുന്ന ആരോപണം. യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്, എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ യോഗി അദിത്യനാഥിനെതിരെയും പോലീസിനെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് താരത്തിന്റെ പോസ്റ്റ്. അതേസമയം മറ്റൊരാളുടെ പോസ്റ്റ് അമല ഷെയര്‍ ചെയ്യുകയായിരുന്നെന്നും, പോസ്റ്റിലെ വാചകങ്ങള്‍ക്കെതിരെയാണ് അമലയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയെന്നുമാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.
എന്നാല്‍ നേരത്തെയും സംഘപരിവാര്‍ അനൂകുലമായ പോസ്റ്റുകള്‍ അമല ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ഇത് യോഗിയെയും പോലീസിനെയും ന്യായീകരിക്കുന്ന സംഘപരിവാര്‍ ക്യാംപുകളോടുള്ള അമലയുടെ വിധേയത്വമാണ് കാണിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നത്.
അതേസമയം ഹാത്രാസ് സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഏറെ വൈകി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്പെന്‍ഡ് ചെയ്തിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി പോലീസ് സംസ്‌കരിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മ്മത്തിനുള്ള അവസരം പോലും നല്‍കാതെ മൃതദേഹം സംസ്‌കരിച്ച പോലീസിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഹത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.