EntertainmentKeralaNews

‘സുഖ വിവരങ്ങൾ അറിയാനായി വിളിച്ചിരുന്ന സുഹൃത്തുക്കളെല്ലാം പോയി, പെട്ടെന്നൊരു ശൂന്യത പോലെ’ സലിം കുമാർ

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് സലിം കുമാര്‍. മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തി പിന്നീട് എഴുത്തുകാരനും സംവിധായകനുമൊക്കെയായി മലയാള സിനിമയിൽ നിറസാന്നിധ്യമായി മാറുകയായിരുന്നു അദ്ദേഹം. ആദ്യം ഹാസ്യ വേഷങ്ങളിൽ തിളങ്ങി മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടൻ പിൽകാലത്ത് സീരിയസ് വേഷങ്ങളിൽ എത്തിയും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതിനിടെ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നടനെ തേടി എത്തിയിരുന്നു.

മലയാള സിനിമയിൽ നല്ല കുറെ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന നടൻ കൂടിയാണ് സലിം കുമാർ. കൊച്ചിൻ ഹനീഫ, ഇന്നസെന്റ് തുടങ്ങിയവരൊക്കെ ആയിട്ടുള്ള നടന്റെ സൗഹൃദം മുൻപ് പലപ്പോഴും ചർച്ചയായി മാറിയിട്ടുണ്ട്. എന്നാൽ അവരെല്ലാം ഇന്ന് വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു ഇന്നസെന്റിന്റെ വിയോഗം. ഇപ്പോഴിതാ, തനിക്ക് അടുത്തിടെ നഷ്ടമായവരെല്ലാം തന്നെ ഇടയ്ക്ക് വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിച്ചിരുന്നവർ ആയിരുന്നെന്ന് പറയുകയാണ് സലിം കുമാർ.

തന്നെ അങ്ങനെ ഇടയ്ക്കിടെ വിളിച്ചു കൊണ്ടിരുന്ന സുഹൃത്തുക്കൾ ആരും ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്ന വേദന പങ്കുവയ്ക്കുകയാണ് അദ്ദേഹം. ബിഹൈൻഡ്വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. അടുത്തിടെയുണ്ടായ സഹപ്രവർത്തകരുടെ മരണങ്ങളിൽ തന്നെ ഏറ്റവും പിടിച്ചുലച്ചത് ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സലിം കുമാർ. വിശദമായി വായിക്കാം.

‘ഇന്നസെന്റേട്ടന്റെ മരണം, വേണു ചേട്ടന്റെ, ലളിത ചേച്ചിയുടെയൊക്കെ മരണം എന്നെ വലിയ രീതിയിൽ ബാധിച്ചതാണ്. എന്റെ മാത്രം നഷ്ടമൊന്നുമല്ല അത്. എങ്കിലും എനിക്ക് വലിയ നഷ്ടമാണത്. ഇവരെല്ലാം ആയിട്ട് ഞാൻ വളരെ കമ്പനി ആയിരുന്നു. ലളിത ചേച്ചിയൊക്കെ ഇവിടെ വരാറുള്ളതാണ്’

‘ഇതിലെ പോകുമ്പോൾ കയറും. ഒരുപാട് നേരം ഇരുന്ന് സംസാരിക്കും. അച്ചാറൊക്കെ ഉണ്ടാക്കി കൊടുത്തു വിടും. ഇന്നസെന്റേട്ടൻ എന്നെ മാസത്തിൽ രണ്ടു തവണയെങ്കിലും വിളിക്കും. വേണു ചേട്ടനും വിളിക്കുമായിരുന്നു,’ സലിം കുമാർ പറഞ്ഞു.

‘സിനിമയിൽ എന്നെ ഇങ്ങോട്ട് വിളിക്കുന്ന വളരെ കുറച്ച് ആളുകളാണ് ഉള്ളത്. ആവശ്യങ്ങൾക്കായി പലരും വിളിക്കും. അല്ലാതെ സുഖ വിവരങ്ങൾ അറിയാനായി വിളിച്ചിരുന്നത് കുറച്ചു ആളുകളാണ്. അങ്ങനെ ആരുമില്ല ഇപ്പോൾ. പെട്ടെന്ന് ഒരു ശൂന്യത പോലെ. ഇന്നസെന്റേട്ടന്റെ മരണം അതിൽ ഒരുപാട് വിഷമിപ്പിച്ചു. ആശുപത്രിയിൽ പോകുന്നതിന് മുൻപ് ഒരു അരമണിക്കൂർ ഞങ്ങൾ സംസാരിച്ചതാണ്. എന്റെ ഇളയ മകന് ഹരിശ്രീ കുറിച്ചത് അദ്ദേഹം ആയിരുന്നു,’

‘ഇന്നസെന്റേട്ടൻ മരിച്ച് ഞാൻ വീട്ടിൽ കാണാൻ ചെന്നപ്പോൾ ആലീസ് ചേച്ചി ചോദിച്ചത് അവൻ വന്നിട്ടുണ്ടോ എന്നാണ്. എന്റെ ഇളയമകൻ ആരോമൽ. സോണറ്റും അത് തന്നെ ചോദിച്ചു. ആ വിഷമത്തിനിടയിലും അവരുടെ മനസ്സിൽ അതുണ്ട്. ഇന്നസെന്റ് ചേട്ടന്റെ പ്രതീകമാണ് അവൻ. അദ്ദേഹം എഴുത്തിനിരുത്തിയ കുട്ടിയാണ്,’ സലിം കുമാർ പറഞ്ഞു.

salim kumar

ഇന്നസെന്റിന്റെ മരണ വാർത്തയ്ക്ക് പിന്നാലെ സലിം കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ‘ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മ്മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തു കൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല,’

‘മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല,. ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ. എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍..’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker