KeralaNewspravasi

ന്യൂസിലൻഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി

പാലാ: ന്യൂസിലൻഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി അലീന അഭിലാഷ് നിയമിതയായി. റോയൽ ന്യൂസിലാൻഡ് പോലീസ് കോളേജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ഗ്രാജുവേഷൻ ചടങ്ങ് ഇന്നലെ വെല്ലിംഗ്ടണിൽ നടന്നു. കോൺസ്റ്റബിൾ റാങ്കിലുള്ള ആദ്യ നിയമനം ഓക്ക്ലാൻ്റിലാണ്. ന്യൂസിലൻഡ് പോലീസിൽ ഓഫീസർ തസ്തിക ആരംഭിക്കുന്നത് കോൺസ്റ്റബിൾ റാങ്കിലാണ്.

പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യൻ്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് 22 കാരിയായ അലീന. ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയും ക്രിമിനോളിയും പഠിച്ച ശേഷമാണ് പോലീസിൽ ചേർന്നത്.

ആറാം ക്ലാസ് വരെ പാലാ ചാവറ പബ്ളിക് സ്കൂളിൽ പഠിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറുകയായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കാനും വേണ്ടിയാണ് പോലീസിൽ ചേർന്നതെന്ന് അലീന പറഞ്ഞു. വിക്ടോറിയ കോളേജിൽ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ ആൽബി അഭിലാഷ് ഏക സഹോദരനാണ്.

ന്യൂസിലൻഡ് പോലീസിൽ നിയമിതയായ അലീന അഭിലാഷിനെ മാണി സി കാപ്പൻ എം എൽ എ, ജോസ് കെ മാണി എം പി, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽ ഫാ മാത്യു കരീത്തറ എന്നിവർ അഭിനന്ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button